കൊച്ചി: നിപ്പരോഗ ലക്ഷണങ്ങളുമായി എറണാകുളം മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ പുതിയതായി പ്രവേശിപ്പിച്ച മൂന്നുപേരുടെ സാന്പിൾ പരിശോധന ഫലം ഇന്ന് പുറത്തുവരും. ഇവർക്ക് നിപ്പയില്ലെന്നാണു പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പെടെ നിലവിൽ പുതിയതായി പ്രവേശിപ്പിച്ച രോഗികളിൽ ആർക്കും ഇതുവരെ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽതന്നെ പുതിയതായി പ്രവേശിപ്പിച്ചവർക്കും നിപ്പയുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന അഞ്ച് രോഗികളിൽ രണ്ടു പേരെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. ഇതിനിടെയാണു പുതുതായി മൂന്നുപേരെ പ്രവേശിപ്പിച്ചത്.
ഇതിനിടെ ബുധനാഴ്ച എറണാകുളം മെഡിക്കൽ കോളജിൽ പരിശോധിച്ച 10 സാന്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇതിനിടെ, നിപ്പ സ്ഥിരീകരിച്ച രോഗിയുമായി സന്പർക്കം പുലർത്തിയ ഒരാളെക്കൂടി ബുധനാഴ്ച നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സന്പർക്ക ലിസ്റ്റിലുള്ളവരുടെ എണ്ണം 330 ആയി. ഇവരിലാർക്കും തന്നെ രോഗലക്ഷണമില്ല.
എല്ലാവരുടെയും ആരോഗ്യനില സാധാരണ നിലയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കുന്നു. അതിനിടെ, നിരീക്ഷണ കാലാവധി പൂർത്തീകരിക്കുന്നതിനാൽ ഇവരിൽ 33 പേരെ ഇന്ന് വൈകിട്ട് അഞ്ചോടെ നിരീക്ഷണപ്പട്ടികയിൽനിന്ന് ഒഴിവാക്കും. സന്പർക്കമുണ്ടായിരുന്നവരിൽ രോഗലക്ഷണം പ്രകടമാകാൻ വിദൂര സാധ്യതയെങ്കിലും ഉണ്ടായിരുന്ന ഒന്പതുപേരുടെ പരിശോധന ഫലവും നെഗറ്റീവാണെന്നു കണ്ടെത്തിയിരുന്നു.