കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമുമായി അടുത്തിടപഴകിയ എട്ടു പേർക്കും നിപ്പയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂനെ വൈറോളജി ലാബിൽ നടത്തിയ ഇവരുടെ സാന്പിൾ പരിശോധന ഫലം നെഗറ്റീവാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയുമായി പ്രാഥമിക സന്പർക്കപ്പട്ടികയിൽപ്പെട്ട എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
അഞ്ച് പേരുടെ ഫലം കൂടി ഇന്ന് ലഭിക്കും. മുഹമ്മദിന്റെ അമ്മയുടെ പനി കുറഞ്ഞു. മൂന്ന് പേർക്ക് കൂടി പനിയുണ്ടെങ്കിലും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുട്ടി ചികിത്സ തേടിയ ആശുപത്രിയിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സ്രവമാണ് ആദ്യഘട്ടത്തില്‍ എന്‍ഐവി പൂനയിലേക്ക് അയച്ചിരുന്നത്. നിപ്പ വ്യാപനത്തിന്റെ തീവ്രത എത്രയെന്ന് അറിയാന്‍ ഈ ഫലം നിർണായകമായിരുന്നു.
മുഹമ്മദുമായി സന്പർക്കത്തിലുള്ള 11 പേർക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. 251 പേരാണ് സമ്പർക്കപട്ടികയിലുണ്ടായിരുന്നത്. പട്ടികയിലെ 54 പേരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.