എന്താണ് നിപ?
പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ്. സാധാരണയായി മൃഗങ്ങളില്‍നിന്നു മൃഗങ്ങളിലേക്കാണ് നിപ പകരുന്നത്. പന്നികളോ വവ്വാലുകളോ ആകാം പ്രധാന വൈറസ് വാഹകർ.
വൈറസ് ബാധയുള്ള വവ്വാലുകളില്‍നിന്നോ പന്നികളില്‍നിന്നോ ഇതു മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുമുണ്ട്.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല് കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം. മനുഷ്യശരീരത്തിലേക്ക് ഈ വൈറസ് പ്രവേശിച്ചാൽ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും.
വൈറസ് ബാധയുള്ളവരുമായി അടുത്തിടപഴകുന്നവർക്കും ഇവരെ പരിചരിക്കുന്നവർക്കും വൈറസ് ബാധയേൽക്കാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ടുതന്നെ രോഗിയുമായി അടുത്തിടപഴകുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം.
രോഗം ബാധിക്കുന്നവരിൽ മരണനിരക്കും കൂടുതൽ ആയതിനാൽ അപകടകാരിയായ രോഗങ്ങളുടെ നിരയിലാണ് നിപ്പയ്ക്ക് ഇടം. രോഗം ബാധിക്കുന്നവരിൽ 75 ശതമാനത്തോളം പേർ മരിക്കാൻ സാധ്യതയുണ്ട്.
രോഗം എവിടെ എപ്പോൾ പ്രത്യക്ഷപ്പെടുമെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. ജാഗ്രത പാലിക്കുകയാണ് പോംവഴി.
ലക്ഷണങ്ങള്‍
മനുഷ്യശരീരത്തിലേക്ക് വൈറസ് പ്രവേശിച്ചാൽ അഞ്ച് മുതൽ 14 ദിവസം കഴിയുന്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുക.
പനി, തലവേദന, തലകറക്കം, ഛർദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, ക്ഷീണം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ.
ലക്ഷണങ്ങൾ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽത്തന്നെ രോഗി കോമയിലേക്കു പോകാൻ സാധ്യതയുണ്ട് എന്നത് രോഗത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്.
രോഗം സ്ഥിരീകരിക്കുന്നത് ഇങ്ങനെ
കോവിഡ് പരിശോധനയ്ക്കെന്നപോലെ തന്നെ തൊണ്ടയിൽനിന്നും മൂക്കിൽനിന്നും സ്രവമെടുത്താണ് നിപയും പരിശോധിക്കുന്നത്.
രക്തം, മൂത്രം, സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് (തലച്ചോറിലെ നീര്) എന്നിവയും പരിശോധനയ്ക്കായി എടുക്കും. ആര്‍ടിപിസിആറിലൂടെ (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്) വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ കഴിയും.
എലൈസ പരിശോധനയാണ് മറ്റൊരു മാർഗം. മരണപ്പെട്ടവരിൽ ഇമ്യൂണോ ഹിസ്റ്റോ കെമിസ്ട്രി എന്ന പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
പ്രതിരോധം പ്രധാനം
ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്നു നമുക്കറിയാം. നിപയുടെ കാര്യത്തിലും രോഗം വന്നശേഷം ചികിത്സിക്കാം എന്ന രീതി ഫലപ്രദമാകില്ല. വൈറസ് നമുക്കുള്ളിലേക്കു പ്രവേശിക്കാൻ സാധ്യതയുള്ള മാർഗങ്ങളെല്ലാം പൂട്ടുകയാണു പ്രധാനം.
വവ്വാലുകളുടെ കാഷ്ഠം വൈറസ് വാഹകരിൽ പ്രധാനിയാണെന്നു പറഞ്ഞല്ലോ. അപ്പോൾ ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.
ഉദാഹരണത്തിനു വവ്വാലുകൾ കടിച്ച പഴവർഗങ്ങൾ കഴിക്കാതിരിക്കുന്നതിനൊപ്പം വവ്വാലുകൾ ധാരാളമുള്ള പ്രദേശങ്ങളിൽ പോകാതിരിക്കാം.
രോഗബാധയുള്ള മനുഷ്യരിൽനിന്നു പകരാതിരിക്കാനുള്ള ജാഗ്രതയാണ് മറ്റൊന്ന്.
ഇതിനായി പ്രധാനമായി ചെയ്യേണ്ടതു രോഗിയുമായി സന്പർക്കമുണ്ടായാലുടൻ കൈകൾ സോപ്പ് ഉപയോഗിച്ചു നന്നായി കഴുകുകയാണ്.
സാനിറ്റൈസർ ഉപയോഗിക്കാനും ശ്രദ്ധിക്കണം. രോഗബാധിതരുമായി അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ, ഉദാഹരണത്തിന് ഗ്ലാസ്, പ്ലേറ്റ്, ബ്രഷ് മുതലായവ കഴിവതും കൈകാര്യം ചെയ്യാതിരിക്കുക. രോഗിയുടെ വസ്ത്രങ്ങൾ പ്രത്യേകമിട്ടു കഴുകാനും ശ്രദ്ധിക്കണം.
രോഗം വന്നു മരിക്കുന്നവരുടെ ശരീരം മറവുചെയ്യുന്പോഴും അന്ത്യകർമങ്ങൾ ചെയ്യുകയാണെങ്കിലും പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
ആശുപത്രിയിലും വേണം കരുതൽ
ഏതൊരു സാംക്രമിക രോഗത്തിലും എടുക്കുന്ന മുൻകരുതലുകൾ നിപ ബാധിതരും എടുക്കണം.
കോഴിക്കോട്ട നിപ പടർന്നപ്പോൾ രോഗലക്ഷണങ്ങളുമായി എത്തിയ ആളെ പരിചരിച്ചതിലൂടെ രോഗം പിടിപെട്ടു മരിച്ച ലിനി എന്ന നഴ്സിനെ കേരളത്തിന് ഒരിക്കലും മറക്കാനാവില്ല.
നിപ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പരിശോധിക്കുന്പോഴും ചികിത്സിക്കുന്പോഴും പ്രത്യേകം കരുതലുണ്ടാകണം.
ലക്ഷണങ്ങളുള്ള രോഗികളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കണം.ഇവരെ പരിശോധിക്കുന്പോഴും ഇടപഴകുന്പോഴും പിപിഇ കിറ്റും മാസ്കും കൈയുറയും ധരിക്കണം.
ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക. രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവർത്തകർ ഡിപോസിബിൾ ആയ വസ്തുക്കൾ ഉപയോഗിക്കുന്നതും അവ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു നശിപ്പിക്കുന്നതും പ്രധാനമാണ്.