മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തുവന്ന 10 പേരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന അമ്മ അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്.
ഇതോടെ ആകെ 26 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്നലെ പുതുതായി 11 പേരെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ചു പേര് ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്.
മന്ത്രി വീണാ ജോര്‍ജിന്റെ നേത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
176 പേര് പ്രൈമറി കോണ്ടാക്ട് പട്ടികയിലും 90 പേര് സെക്കന്‍ഡറി കോണ്ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്.
രോഗലക്ഷണങ്ങളുമായി രണ്ട് പേര് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അടക്കം ആറ് പേരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 21 പേര് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിൽ തുടരുന്നു.