കൊച്ചി: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പിടികൂടിയ വവ്വാലുകളിൽ നടത്തുന്ന പരിശോധനകളുടെ ഫലം ഉടൻ പുറത്തുവന്നേക്കും. രോഗിയായ വിദ്യാർഥിയുടെ വീട് സ്ഥിതി ചെയ്യുന്ന തിരുത്തിപ്പുറം, വാവക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു പിടികൂടിയ പഴംതീനി വവ്വാലുകളിലാണു പരിശോധന. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരടക്കമുള്ളവർ ചേർന്നു വല സ്ഥാപിച്ചാണ് ഇവയെ പിടികൂടിയത്.
ബുധനാഴ്ച വൈകുന്നേരം വവ്വാലിനെ പിടികൂടാൻ വലകൾ കെട്ടിയിരുന്നു. പിടിച്ചെടുത്ത വവ്വാലുകളിൽ ഒന്പതെണ്ണത്തിനെ ജീവനോടെ പൂന ലാബിലേക്കു കൊണ്ടുപോയി. ബാക്കിയുണ്ടായിരുന്ന വവ്വാലുകളുടെ സ്രവങ്ങൾ എടുത്തശേഷം അവിടെതന്നെ വിട്ടയച്ചു. വവ്വാലുകൾക്ക് അനസ്തേഷ്യ നല്കിയശേഷം വല മുറിച്ചാണു കുടുങ്ങിയ വവ്വാലുകളിൽനിന്നു സ്രവങ്ങൾ ശേഖരിച്ചത്. കട്ടിയുള്ള കൈയുറകളും സുരക്ഷാ വസ്ത്രങ്ങളുമണിഞ്ഞാണു ഡോ. എ.ബി. സുധീപിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയത്.
വവ്വാലുകളിൽ പരിശോധന നടത്തി വൈറസ് സാന്നിധ്യമുണ്ടോയെന്ന് ഉടൻതന്നെ വ്യക്തമാക്കുമെന്നു വിദഗ്ധസംഘം അറിയിച്ചു. അതേസമയം, രോഗിയുമായി സന്പർക്കത്തിലുണ്ടായിരുന്നതിനെത്തുടർന്നു നിരീക്ഷണ പട്ടികയിലുണ്ടായിരുന്നവരിൽ 47 പേരെ നിരീക്ഷണ കാലയളവായ 21 ദിവസം പൂർത്തിയാക്കിയതിനെത്തുടർന്ന് ഒഴിവാക്കി. ഇപ്പോൾ 283 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 52 പേർ ഹൈ റിസ്ക് വിഭാഗത്തിലും 231 പേർ ലോ റിസ്ക് വിഭാഗത്തിലും തുടരുന്നു.
നിരീക്ഷണപട്ടികയിലെ അവസാനത്തെ ആളിനും രോഗലക്ഷണം ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം സ്ഥിതിഗതികൾ വിലയിരുത്തി നിപ്പ സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം സംസ്ഥാന സർക്കാർ നടത്തും. നിപ്പ രോഗലക്ഷണങ്ങളുമായി എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേരെക്കൂടി ഇന്നലെ ഡിസ്ചാർജ് ചെയ്തു. പനി മാറിയതിനെ തുടർന്ന് ഐസൊലേഷൻ വാർഡിൽനിന്ന് നിരീക്ഷണ യൂണിറ്റിലേക്കും വാർഡിലേക്കും മാറ്റിയവരാണു വീട്ടിലേക്കു മടങ്ങിയത്.
നിലവിൽ നാല് പേർമാത്രമാണ് ഐസൊലേഷൻ വാർഡിലുണ്ട്. ഐസൊലേഷൻ വാർഡിലുള്ള നാലു പേരെയുടെയും പരിശോധന ഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഒരു രോഗിയുടെ രണ്ടാംഘട്ട പരിശോധന ഫലവും നെഗറ്റീവാണ്. ഇവരുടെ പനി മാറുന്ന മുറയ്ക്കു നിരീക്ഷണ വാർഡിലേക്കു മാറ്റും. നിപ്പ രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.