കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ വിദഗ്ധപഠനം വേണമെന്ന് സംസ്ഥാന മൃഗസംരക്ഷണവകുപ്പ്. നിലവില്‍ നടത്തിയ പരിശോധനകള്‍ കൊണ്ട് ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ സമഗ്രമായ പഠനം നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് ഒരുങ്ങുന്നത്.
എപ്പിഡമോളജിക്കല്‍ സര്‍വ്വേ നടത്തിയാല്‍ മാത്രമേ ഉറവിടം കണ്ടെത്താന്‍ കഴിയൂ എന്നാണ് വകുപ്പിന്റെ നിഗമനം. ഇതിനായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മീഷണറുടെ ആവശ്യപ്രകാരം പദ്ധതി രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. സമയമെടുത്തുള്ള പരിശോധനയിലൂടെ മാത്രമേ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനാകൂ. ഇപ്പോള്‍ നടത്തുന്ന പരിശോധനകള്‍ അപര്യാപ്തമാണെന്നാണ് നിഗമനം.
ലക്ഷക്കണക്കിന് വവ്വാലുകളില്‍ ചിലതില്‍ മാത്രമേ രോഗാണു ഉണ്ടായിരിക്കൂവെന്നിരിക്കെ പരിമിതമായ എണ്ണം പരിശോധിക്കുന്നത് അപ്രായോഗികമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. നേരത്തെ പശ്ചിമബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ്പ വൈറസിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തിലാണ് വിദഗ്ധ പഠനത്തിനുള്ള തീരുമാനം. എപ്പിഡമോളജിക്കല്‍ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന് കൂടുതല്‍ പണം ആവശ്യമുണ്ട്. ഈ പഠനത്തിനായുള്ള പദ്ധതി രൂപരേഖ കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്.
നിപ്പ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ മുയല് ഇന്നലെ ചത്തത് ചെറിയ ആശങ്കക്കിടയാക്കി. മൃഗസംരക്ഷണ വകുപ്പും പൂനൈ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും മുയലിനെ പരിശോധിച്ചു.
ഭക്ഷണം കിട്ടാതെയാണ് മുയല് ചത്തതെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍. ശശി അറിയിച്ചു. നേരത്തെ മുയലില്‍ നിപ്പ വൈറസ് ഉണ്ടോയെന്നറിയാന്‍ പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല.