തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും നിപ വൈറസ് ബാധയെ തുടർന്നുള്ള മരണമുണ്ടായ സാഹചര്യത്തിൽ പ്രദേശത്തെ വവ്വാലുകളുടെയും വളർത്തുമൃഗങ്ങളുടെയും സാന്പിൾ ശേഖരിക്കാൻ മൃഗസംരക്ഷണ വകുപ്പ്. രോഗം ബാധിച്ചു മരിച്ച വിദ്യാർഥിയുടെ താമസസ്ഥലമായ മലപ്പുറം പാണ്ടിക്കാട് ചെന്പ്രശേരി പ്രദേശങ്ങളിൽ പരിശോധന നടത്താനാണ് മൃഗസംരക്ഷണ വകുപ്പ് തീരുമാനം.
പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെ വവ്വാലുകളുടെ സാന്നിധ്യം നിരീക്ഷിക്കാനും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുമൃഗങ്ങളിൽനിന്നു സെറം ശേഖരിച്ച് പരിശോധന നടത്താനുമാണ് തീരുമാനം. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലാണ് സാന്പിളുകൾ പരിശോധിക്കുക. ഫലം വേഗം എത്തിക്കാനുള്ള ശ്രമവും നടത്തും.
ആരോഗ്യ വകുപ്പിനൊപ്പം മറ്റു നടപടികളിലേക്കു മൃഗസംരക്ഷണ വകുപ്പും കടക്കുകയാണ്. ഇരുവകുപ്പുകളും ചേർന്നു കഴിഞ്ഞ ആറു വർഷമായി ശ്രമിച്ചിട്ടും രോഗത്തിന്റെ ഉറവിടം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. തുടർച്ചയായി കേരളത്തിൽ നിപ വൈറസ്ബാധ സ്ഥിരീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് മേയ് മാസത്തിൽ ഒരാഴ്ച നീണ്ട പരിശോധന കോഴിക്കോട് ജില്ലയിൽ നടത്തിയിരുന്നു.
കോഴിക്കോട്ടെ മരുതോംകര, കുറ്റ്യാടി, ജാനകിക്കാട് പ്രദേശങ്ങളിലാണ് മേയ് 24 മുതൽ 30വരെ തിരുവനന്തപുരം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്യൂട്ട് ഫോർ അനിമൽ ഡിസീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
വനംവകുപ്പിന്റെകൂടി സഹകരണത്തോടെ നടത്തിയ പരിശോധനയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ഉദ്യോഗസ്ഥർ പറയുന്നു.
സ്വന്തം ലേഖകൻ