കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നിപ്പ വൈറസ് ബാധയുണ്ടോ എന്നറിയാന്‍ നടത്തിയ ലാബ് പരിശോധനാ ഫലം ഉച്ചയോടെ പുറത്തുവരും. പുനെ വൈറോളജി ഇൻസ്റ്റ്യൂട്ടിന്റെ റിപ്പോർട്ടിനാണ് കാക്കുന്നത്. നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചാൽ പ്രതിരോധത്തിന് സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്തിരുന്ന 21കാരനായ എറണാകുളം സ്വദേശിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രോഗിയുടെ സ്രവം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചിട്ടുണ്ട്. നിപ്പയാണെന്നതിന് വിദൂരസാധ്യത മാത്രമാണെന്നാണ് വിദഗ്ധരെല്ലാം പറയുന്നത്.
തൃശൂരിലും ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്. യുവാവ് ഇന്റേൺഷിപ്പിനെത്തിയ സ്ഥാപനവും ഒപ്പം ജോലി ചെയ്തവരും നിരീക്ഷണത്തിലുണ്ട്.