കൊച്ചി: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ഭീതി ഒഴിയുന്നു. നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ഭീതിവേണ്ടെന്നും ഉന്നതതല യോഗം വിലയിരുത്തി. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് കൊച്ചിയിൽ അവലോകന യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനാണു യോഗം.
ഇതിനിടെ, ഒരാളെക്കൂടി എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് രോഗിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇതോടെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. ഇതിൽ ആറുപേരുടെയും സ്രവ സാന്പിൾ ഫലം ഇന്ന് ലഭിച്ചേക്കും. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഫലമാണു ലഭിക്കുക.
ഇതിൽ നാലുപേരുടെ സാന്പിൾ നേരത്തേ അയച്ചിരുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്ക് നിപ്പയല്ലെന്നാണ് വിലയിരുത്തൽ. ഇന്നലെ രാത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ സാന്പിൾ പരിശോധനകൾക്കായി ഇന്ന് അയക്കും. അതേസമയം, രോഗം സ്ഥിരീകരിച്ച ്കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില ഭേദപ്പെട്ട നിലയിലാണെന്നും രോഗി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതിനിടെ, രോഗിയുമായി സന്പർക്കത്തിലായതായി കണ്ടെത്തിയതിനെത്തുടർന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിൽ മൂന്നുപേരെക്കൂടി ഉൾപ്പെടുത്തി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 314 ആയി. മരുന്നുകൾ ആവശ്യത്തിന് ജില്ലയിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും സാന്പിൾ അയക്കുന്നതിനുള്ള വൈറൽ ട്രാൻസ്പോർട്ട് മീഡിയം, രോഗികളെയും രോഗബാധ സംശയിക്കുന്നവരെയും പരിചരിക്കുന്പോൾ ആവശ്യമായ എൻ95, 3 ലെയർ മാസ്ക്കുകൾ എന്നിവയും ആവശ്യത്തിന് സ്റ്റോക്കുള്ളതായും അധികൃതർ അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിൽനിന്ന് ഡോ. ബാലമുരളി, പൂന ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവർ ഇന്നലെ ജില്ലയിലെത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് ഡയറക്ടർ ഡോ. രുചി ജയിന്റെ നേൃതത്വത്തിലുള്ള ആറംഗ സംഘം പറവൂർ വടക്കേക്കര പഞ്ചായത്തിൽ സന്ദർശനം നടത്തി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയിൽനിന്നുള്ള ഡോ. തരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകി. നിപ്പയുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ആരംഭിച്ച കോൾ സെന്ററിൽ ഇതിനോടകം ആരോഗ്യ സംബന്ധമായി ബന്ധപ്പെട്ട് 372 കോളുകൾ ലഭിച്ചതായും നിലവിലുള്ള 1077 എന്ന നന്പറിനു പുറമെ 0484 2425200 എന്ന നന്പരിലും ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.