കള്ളുഷാപ്പുകാരുടെ കഞ്ഞികുടി മുട്ടി! പനി പേടിച്ച് കുടിയന്മാര്‍ കള്ളുകുടി നിര്‍ത്തി; കേരളത്തില്‍ കള്ളുവില്‍പ്പനയില്‍ വന്‍ ഇടിവ്; രോഗഭീതിയിലും വ്യാജവാര്‍ത്തകളിലും വിറച്ച് കേരളം

കോഴിക്കോട്: നിപ്പാ വൈറസ് കേരളത്തെ മുമ്പെങ്ങുമില്ലാത്ത ഭീതിയിലാഴ്ത്തുകയാണ്. രോഗ ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകരുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആളുകള്‍ കടുത്ത ആശങ്കയിലാണ്. നിപ മരണം നടന്ന വീട് സന്ദര്‍ശിച്ചവരും ഇപ്പോള്‍ പനി ബാധിച്ച് ആശുപത്രിയിലാണ്.

മലപ്പുറത്ത് കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേര്‍ വൈറസ് ബാധയിലാണ് മരണമടഞ്ഞതെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന സംശയം സമൂഹത്തില്‍ വലിയ ഭീതി പരത്തിയിരിക്കുകയാണ്.

വൈറസ് ബാധയേറ്റ് മരണമടഞ്ഞ സിന്ധുവിന്റെ വീട് സന്ദര്‍ശിക്കുകയും ഭര്‍ത്താവിനെ മെഡിക്കല്‍കോളേജില്‍ പോയി കാണുകയും ചെയ്ത നാലുപേരാണ് പനിമൂലം ചൊവ്വാഴ്ച തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിയത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

ഷിജിതയുടെ വീട് സന്ദര്‍ശിച്ച 11 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൊടക്കല്‍, മംഗലം പ്രദേശങ്ങളില്‍ നിന്നുള്ള, ഷിജിതയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ ആറു പുരുഷന്‍മാരും രണ്ടു സ്ത്രീകളുമാണ് ജില്ലാ ആശുപത്രിയിലെത്തിയത്.

മരിച്ച ഷിജിതയെയും ചികില്‍സയിലുള്ള ഭര്‍ത്താവിനെയും ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ഷിജിത മരണപ്പെട്ടതാണ് ഇവരെ ഭയപ്പെടുത്തിയത്. ഇവര്‍ക്ക് പനിയോ രോഗലക്ഷണങ്ങളോ ഇല്ലെങ്കിലും വിദഗ്ധ പരിശോധന ആവശ്യമായതിനാല്‍ മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു.

സാധാരണ പനിക്കു ചികിത്സ തേടിയെത്തിയ മൂന്നുപേരേയും മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തു. എന്നാല്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെ വരെ നിപ്പ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മലപ്പുറം ജില്ലയില്‍ മരിച്ച മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗബാധിതരുമായി ഉണ്ടായ സമ്പര്‍ക്കത്തില്‍ നിന്നുമാണെന്ന് തിരിച്ചറിഞ്ഞതോടെ രോഗികളെ സന്ദര്‍ശിക്കാനോ ആശ്വാസം പറയാനോ പോലും ആള്‍ക്കാര്‍ ഭയക്കുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയുമായി മരിച്ച മുന്നിയൂരിലെ സിന്ധുവും തെന്നലയിലെ ഷിജിതയും രോഗബാധിതരെ സന്ദര്‍ശിച്ചതാണ് രോഗം വരാന്‍ കാരണമായതെന്നാണ് സംശയം. മരിച്ച വേലായുധനും മെഡിക്കല്‍ കോളേജില്‍ നിന്നും രോഗം പകര്‍ന്നിരുന്നോ എന്ന് സംശയമുണ്ട്.

ചികിത്സയിലുണ്ടായിരുന്ന പേരാമ്പ്രയിലെ കുടുംബവുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

അപകടത്തെ തുടര്‍ന്ന മെഡിക്കല്‍ കോളേജില്‍ കിടന്ന ഭര്‍ത്താവ് ഉബീഷിന്റെ കൂട്ടിരിപ്പുകാരി ആയിട്ടാണ് ഷിജിത എത്തിയത്. പിന്നീട് ആശുപത്രിയില്‍ നിന്നുമെത്തിയ ഷിജിതയ്ക്ക് കാലു വേദനയും വിറയലും അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ രണ്ടു തവണ ചികിത്സ തേടുകയും ചെയ്തിരുന്നു. ഒരു മാറ്റവും വന്നില്ല.

പിന്നീടു പനിയും ഛര്‍ദ്ദിയും കൂടിയതോടെ വീണ്ടും രണ്ടാശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടും മാറ്റമുണ്ടാകാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് തന്നെ മാറ്റുകയായിരുന്നു. വൃദ്ധയായ അമ്മയെ ചികിത്സിക്കാനാണ് സിന്ധു മെഡിക്കല്‍ കോളേജില്‍ പോയത്.

അമ്മയ്ക്ക് സ്‌കാന്‍ ചെയ്യാന്‍ പോയപ്പോള്‍ പേരാമ്പ്രയില്‍ മരിച്ചവരെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്തിരുന്നതായി വിവരമുണ്ട്. പിന്നീട് അസുഖ ബാധാലക്ഷണങ്ങള്‍ കാട്ടിയ ഇവരെ രാമനാട്ടുകരയിലെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തി.

കുറവില്ലാതായതോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരത്തിലെ മുഴ നീക്കം ചെയ്യാന്‍ എത്തിയ വേലായുധനെ പ്രമേഹം വൃക്കയെ ബാധിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എന്നാല്‍ രണ്ടാം ദിവസം മരിക്കുകയായിരുന്നു.

വൈറസ് ബാധയേറ്റ് മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതു സാധാരണ രീതിയില്‍ ദഹിപ്പിക്കുന്ന തൊഴിലാളികളുടെ എതിര്‍പ്പ് മൂലം വൈകി.

മൃതദേഹം ദഹിപ്പിക്കുന്ന പുക ശ്വസിച്ചാല്‍ തങ്ങള്‍ക്കു രോഗം ബാധിക്കുമെന്നായിരുന്നു പേടി. തിങ്കളാഴ്ച നഴ്‌സ് ലിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ഇവിടുത്തെ വൈദ്യുതി ശ്മശാനത്തിനു തകരാറുണ്ടായിരുന്നു.

മാവൂര്‍ റോഡ് ശ്മശാനത്തില്‍ രണ്ടു ചൂളകളാണുള്ളത്. വൈദ്യുതി ചൂള കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലാണ്. സാധാരണ ചൂള ഒരു കുടുംബമാണു വര്‍ഷങ്ങളായി നടത്തുന്നത്. കോര്‍പ്പറേഷന് അതില്‍ നിയന്ത്രണമില്ല.

വൈറസ് ബാധയേറ്റ മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറ മാടമ്പിലുമീത്തല്‍ രാജന്റെ മൃതദേഹം ദഹിപ്പിക്കാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചു. ഫാന്‍ തകരാറിലായതിനാല്‍ വൈദ്യുതി ചൂളയില്‍ മൃതദേഹം കത്തിത്തീരാന്‍ ഏറെ നേരമെടുക്കുമെന്ന കാരണം പറഞ്ഞായിരുന്നു ഇത്. പിന്നെ ഏറെനേരത്തെ തര്‍ക്കത്തിനു ശേഷം മൃതദേഹം ദഹിപ്പിച്ചു.

രാവിലെ മരിച്ച അശോകന്റെ മൃതദേഹം എത്തിച്ചപ്പോഴും തൊഴിലാളികള്‍ വിസമ്മതിച്ചു. െവെകിട്ടു നാലിന് ഐവര്‍മഠം സംഘമെത്തി. അവര്‍ കൊണ്ടുവന്ന ചൂളയിലാണ് അശോകന്റെ മൃതദേഹം ദഹിപ്പിച്ചത്. മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

വൈറസ് പകരുന്നത് വവ്വാലിലൂടെയാണെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തെ കള്ളു വില്‍പ്പന കുത്തനെ ഇടിഞ്ഞു. കോട്ടയത്തെ മലയോര മേഖലകളിലും ആലപ്പുഴയിലുമാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. 200 ലിറ്റര്‍ കള്ളു വിറ്റുകൊണ്ടിരുന്നിടത്ത് ഇപ്പോള്‍ പകുതിപ്പോലും വില്‍ക്കുന്നില്ല.

കള്ളു ചെത്തുന്ന കുലകളില്‍ തൂങ്ങിക്കിടന്നാണു വവ്വാലുകള്‍ കള്ളു കുടിക്കുന്നത്. ഇങ്ങനെ വവ്വാലുകള്‍ കള്ളു കുടിക്കുമ്പോള്‍ വവ്വാലിന്റെ സ്രവവും കാഷ്ഠവും കള്ളു ശേഖരിക്കുന്ന കലത്തില്‍ വീഴുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

ഇത് വൈറസിന്റെ വ്യാപനത്തിന് കാരണമായേക്കും. വവ്വാലിനെ പിടിക്കുന്നതു നിയമവിരുദ്ധമാണെങ്കിലും പലരും പനങ്കുലയിലും തെങ്ങിന്‍കുലയിലും മുള്ളുകള്‍ നിരത്തി വവ്വാലിനെ പിടിക്കാറുണ്ട്.

നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ വവ്വാലകളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. തുറന്നുവച്ച പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ളു കുടിക്കുന്നത് ഒഴിവാക്കുക. വവ്വാല്‍ എല്ലായിടത്തും എത്താറുള്ളതിനാല്‍ കഴിയുന്നതും ഇവയുടെ സാന്നിദ്ധ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് ഏകമാര്‍ഗം.

നിപ്പാ വൈറസുമായി ബന്ധപ്പെട്ട് പല വ്യാജ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വഴി നടക്കുന്നുണ്ട്. ചിക്കന്‍, ബീഫ് എന്നിവ കഴിക്കുന്നത് വൈറസ് ബാധയേല്‍ക്കുമെന്ന തരത്തിലും പ്രചരണമുണ്ടായി. എന്നാല്‍ ഈ പ്രചരണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് ആരോഗ്യവകുപ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

 

Related posts