തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന് നിപ ബാധയുണ്ടോ എന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗലക്ഷണങ്ങളിൽ ചിലത് സ്ഥിരീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ, പരിശോധനാ ഫലം വന്നതിനു ശേഷമേ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.
നിപ രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ചികിത്സ തേടണമെന്നും അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ ഉൾപ്പെടെയുള്ളവരുടെ ഉപദേശം തേടുമെന്നും പ്രതിരോധ നടപടികൾക്ക് ആരോഗ്യ വകുപ്പ് പൂർണ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ചാൽ അതിന് നൽകേണ്ട മരുന്ന് ശേഖരം സംസ്ഥാനത്തിനുണ്ടെന്നും മരുന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ചാൽ മരുന്ന് അപ്പോൾ തന്നെ സംസ്ഥാനത്തിന് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.