തൃശൂർ: നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ 38 പേരുടെ നിരീക്ഷണം ഈമാസം 20 വരെ തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തൃശൂരിൽ തൊഴിൽപരിശീലനത്തിനിടെ നിപ്പ ബാധിച്ച് കൊച്ചിയിൽ ചികിത്സയിൽ തുടരുന്ന വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ള 38 പേർ.
രാവിലെയും വൈകീട്ടും ആരോഗ്യ വകുപ്പ് ജീവനക്കാർ ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. ഇവരിൽ തൊണ്ടവേദന കണ്ടെത്തിയ ഒരാളുടെ സ്രവം പരിശോധനയ്ക്കയച്ചെങ്കിലും നിപ്പ ബാധയില്ലെന്നു സ്ഥിരീകരിച്ചിരുന്നു. ഛർദി കണ്ടെത്തിയ ഒരാളുടെ സ്രവം കൂടി ആരോഗ്യ വകുപ്പ് ആലപ്പുഴയിലേക്കു പരിശോധനയയ്ക്ക് അയയ്ക്കുന്നുണ്ട്. ഇതിന്റെ ഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും.
രോഗ ലക്ഷണം പുറത്തുവരാനുള്ള ഇൻക്യുബേഷൻ പിരീഡ് 14 ദിവസമാണ്. നിപ്പ ബാധിച്ച വിദ്യാർത്ഥിയിൽനിന്നു രോഗം മറ്റാർക്കെങ്കിലും പടർന്നിട്ടുണ്ടെങ്കിൽ ഇത്രയും ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകേണ്ടതാണ്. അതിനാൽതന്നെ നിപ്പ മറ്റാർക്കും ജില്ലയിൽ പകർന്നിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.