പേരാമ്പ്രയ്ക്കു സമീപം പന്തിരിക്കയിലെ കിണറ്റില്‍നിന്ന് പിടികൂടിയ വവ്വാലുകളല്ല നിപ വൈറസിന്റെ ഉറവിടമെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ച വവ്വാലുകളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും സാമ്പിളില്‍ നിപ്പാ വൈറസില്ലെന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്.
പനിബാധിച്ച് മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍നിന്ന് പിടിച്ച വവ്വാലുകളുടേതുള്‍പ്പെടെ 21 സാമ്പിളുകളാണ് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ പരിശോധിച്ചത്. ഈ ഫലങ്ങളെല്ലാം നെഗറ്റീവാണെന്ന് സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി പറഞ്ഞു.
ഇതോടെ വവ്വാലുകളില്‍ നിന്നല്ലെങ്കില്‍ വൈറസ് എവിടെനിന്നുവന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടിവരും. സാബിത്തിന് എങ്ങനെ രോഗബാധയുണ്ടായെന്നതിലേക്കാണ് അന്വേഷണം നീളുന്നത്.
മേയ് അഞ്ചിനാണ് സാബിത്ത് പനിബാധിച്ച് മരിച്ചത്. നിപ്പയാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനമെങ്കിലും രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാത്തതിനാല്‍ സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് സാബിത്തിന്റെ സഹോദരന് സാലിഹും പിതാവ് മൂസ്സയും നിപ്പാ ബാധിച്ച് മരിച്ചു. മൂവരും സൂപ്പിക്കടയ്ക്ക് സമീപമുള്ള കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയശേഷമാണ് നിപ പടര്‍ന്നതെന്നാണ് കരുതിയിരുന്നത്. അതുകൊണ്ടാണ് ഈ കിണറ്റിലുള്ള വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതും.
ഈ വവ്വാലുകളല്ല വൈറസ് വാഹകരെന്ന് സ്ഥിരീകരിച്ചതോടെ സാബിത്തിന്റെ യാത്രാവിവരവും പൂര്വസാഹചര്യവും അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജയും കോഴിക്കോട് കളക്ടര്‍ യു.വി. ജോസും വെള്ളിയാഴ്ച കോഴിക്കോട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനുശേഷം പറഞ്ഞു. ഇതിനായി വടകര റൂറല്‍ എസ്.പി.യെ നിയോഗിച്ചു.
പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ ഉറവിടമെന്ന് നേരത്തേ വിദേശത്ത് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രോഗം പടര്‍ന്ന സ്ഥലത്തുകണ്ടെത്തിയ വവ്വാലിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. തൊണ്ടയില്‍നിന്നുള്ള സ്രവം, രക്തം, കാട്ടം എന്നിവയുടെ സാമ്പിളുകളാണ് വവ്വാലിന്റേതായി പരിശോധനയ്ക്കയച്ചത്.
എട്ട് പന്നികളുടെ മൂക്കില്‍നിന്നുള്ള സ്രവം, രക്തം എന്നിവയും പശുവിന്റെയും ആടിന്റെയും രക്തസാമ്പിളുകളും പരിശോധിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് നിപ ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവുകൂടിയാണ് പരിശോധനാഫലം. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് വെള്ളിയാഴ്ച വൈകീട്ട് ലബോറട്ടറി പരിശോധനാഫലം പുറത്തുവിട്ടത്.