കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഇപ്പോഴും നിപ്പയുടെ ഭീതിയിലാണ്. വീടിന് വെളിയിലേയ്ക്ക് പോലും ഇറങ്ങാന്‍ നാട്ടുകാര്‍ പേടിക്കുന്ന അവസ്ഥ. മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആരും ഇവിടേയ്ക്ക് കടന്നുവരവില്ല. ആളും തിരക്കും ഒഴിഞ്ഞ നാട്ടില്‍ ആളുകളുടെ വരുമാനമാര്‍ഗങ്ങളും നിലച്ചിരിക്കുന്നു.
പേരാമ്പ്രയില്‍ നിന്നാണ് നിപ്പാ എന്ന വാക്കും വൈറസും ആദ്യം കണ്ടതെന്ന കാരണം കൊണ്ട് ആ നാട്ടുകാരാണ് ഇപ്പോള്‍ ഏറ്റവും വിഷമിച്ചിരിക്കുന്നത്. തങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് അന്നാട്ടുകാരനായ ഒരു യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പേരാമ്പക്കാരനാണെന്നറിയുമ്പോള്‍ നാട്ടുകാര്‍ ഓടിമാറുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും ഈ നാട്ടുകാര്‍ ജനിതകപരമായി നിപ്പാ വാഹകരല്ലെന്നും എന്തിന് പേരാമ്പ്രക്കാരെ ഒറ്റപ്പെടുത്തുന്നുവെന്നുമാണ് അജയ് ജിഷ്ണു എന്ന യുവാവിന്റെ ചോദ്യം
അജയ് പറയുന്നതിങ്ങനെ…
‘നിപ’പൊട്ടിപ്പുറപ്പെട്ട ശേഷം ആകസ്മികമായി വായനാട്ടിലേക്കും തൃശ്ശൂരിലേക്കും ഒറ്റപ്പാലത്തേക്കും ഒക്കെയായി ചില യാത്രകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ചെല്ലുന്നിടത്തെല്ലാം നാട് പേരാമ്പ്ര ആണെന്ന് അറിയുമ്പോള്‍ അടുത്ത് വന്നവര്‍ ഞെട്ടലോടെ അകന്നു മാറുന്നത് കണ്ടിട്ടുണ്ട്, തമാശക്കും അല്ലാതെയും ഭീതിയും പരിഹാസവും കലര്‍ത്തിയുള്ള സംസാരങ്ങള്‍ കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്, ആലോചിക്കണം നാടിന്റെ പേരില്‍ ഒരാളെ മാറ്റി നിര്‍ത്തുന്നതിലുള്ള ഭീകരത. ഓരോ പേരാമ്പ്രകാരനും ഇക്കാലയളവില്‍ അനുഭവിച്ചിട്ടുള്ള ഒന്നാകുമത്.
മറ്റിടങ്ങളിലെ പ്രിയപ്പെട്ടവരോട് പറയാനുള്ളതെന്താണെന്നു വെച്ചാല്‍ പേരാമ്പ്രയിലെ മണ്ണിലും വായുവിലും ഒരു ഭൂതവും കുടിയിരിക്കുന്നില്ല, നിങ്ങള്‍ കാണുന്ന പേരാമ്പ്രക്കാരെല്ലാം വവ്വാലിനെ പോലെ നിപ യുടെ നാച്ചുറല്‍ ഹോസ്‌ടോ കാരിവേഴ്‌സോ അല്ല.
ഇനിയും കണ്ടെത്താന്‍ കഴിയാത്ത കാരണത്താല്‍ ഒരു വ്യക്തിയിലേക്ക് പടര്‍ന്ന വൈറസ് അയാളുമായി വിവിധ രീതിയില്‍ സംസര്‍ഗത്തിനിടയായ ആളുകളിലേക്കും അവരില്‍ നിന്നും സമാനമായും പടര്‍ന്നു, ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 15 രോഗികളില്‍ മാത്രമാണ് രോഗം സ്ഥിതീകരിച്ചിട്ടുള്ളത്, ഇനിയുള്ള 4-5 ദിവസങ്ങള്‍ക്കുള്ളില്‍ രോഗം കൂടുതലായി പടര്‍ന്നിട്ടുണ്ടോ എന്ന് പൂര്‍ണമായി അറിയാന്‍ സാധിക്കും, അധിക പക്ഷവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ രോഗം കെട്ടടങ്ങാന്‍ തന്നെയാണ് സാധ്യത, ഇനി പേരാമ്പ്ര യിലേക്ക് വരൂ, അറിവില്ലായ്മ യുടെയും നുണപ്രചരണങ്ങളുടെയും കുത്തൊഴുക്കുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ ഒരു ജനതയെ കാണാം, വാഹനങ്ങള്‍ ഇല്ലാത്ത കടകളില്‍ ആള് കേറാത്ത തിരക്കൊഴിഞ്ഞ ഒരു നഗരത്തെ കാണാം, ഓര്‍മയില്‍ ഒരിക്കലും പേരാമ്പ്ര യെ ഇങ്ങനെ തിരക്കൊഴിഞ്ഞു കണ്ടിട്ടില്ല.
പേരാമ്പ്രക്കാര്‍ ഒറ്റപെട്ടിട്ടുണ്ട്, കോര്‍ണര്‍ ചെയ്യപ്പെട്ടിട്ടുണ്ട് അതില്‍ ഇവിടത്തെ മാധ്യമങ്ങള്‍ക്കും ഫേസ്ബുക്, വാട്‌സ്ആപ്പ് നുണ പ്രചരണങ്ങള്‍ക്കും നല്ല പങ്കുണ്ട്, പുറമെ നിന്നും ആളുകള്‍ ഇപ്പോള്‍ പേരാമ്പ്രയിലേക്ക് അധികം വന്നു കാണാറില്ല, വ്യാവസായിക രംഗം കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.എന്തിനധികം പേരാമ്പ്രയിലെ ആശുപത്രി ജീവനക്കാരെ വാഹനത്തില്‍ കയറാന്‍ അനുവദിക്കാത്ത അവസ്ഥ വരെ ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്നു.
പേരാമ്പ്രയില്‍ നിന്നും വെള്ളം കുടിക്കരുത്, പേരാമ്പ്രക്കാരുമായി അടുത്തിടപഴകരുതു,പേരാമ്പ്രയിലേക്ക് പോവുക പോലുമരുത് അറിവില്ലായ്മയില്‍ നിന്നും ഉത്ഭവിക്കുന്ന നിര്‍ദേശങ്ങള്‍ പലതാണ്.
ഒരിക്കല്‍ കൂടി പറയാം പേരാമ്പ്രയുടെ മണ്ണിലും വായുവിലും ഭൂതമൊന്നും ഇല്ല, നിപ വൈറസ് വായുവിലൂടെ പകരുന്ന ഒന്നല്ല, ഒരാളുടെ ശരീരത്തില്‍ കടന്നാല്‍ കൂടി ഇന്‍ക്വിബേഷന്‍ പീരിയഡ് ല്‍ പോലും അത് മറ്റൊരാള്‍ക്ക് പകരില്ല.
ചുരുക്കി പറഞ്ഞാല്‍ രോഗികളോടുള്ള സംസര്‍ഗം കൊണ്ട് മാത്രം പകരുന്ന ഒന്നാണ് അത്, ശരിയാണ് പേടിക്കേണ്ട രോഗം തന്നെയാണ് ജാഗ്രത കാണിക്കേണ്ടതു അനിവാര്യവുമാണ് പക്ഷെ അത് ഒരു ജനതയെ ഒറ്റപ്പെടുത്തി കൊണ്ടാവരുതെന്ന് മാത്രം.
നമുക്കൊരുമിച് ഈ വിപത്തിനെ പരാജയപ്പെടുത്തേണ്ടതുണ്ട് അതിനു കൂടെ ഉണ്ടാവുക, തെറ്റായതും അശാസ്ത്രീയമായതുമായ സന്ദേശങ്ങളെ വിശ്വസിക്കാതിരിക്കുക, പറഞ്ഞു പരത്താതിരിക്കുക. പ്രതീക്ഷയുണ്ട്, ദക്ഷിണേന്ത്യയില്‍ ആദ്യമായി നിപ ഔട്ട് ബ്രേക്ക് ഉണ്ടായ സ്ഥലമെന്നാവില്ല മറിച് വലിയ വിപത്തിനെ കൂട്ടായി പൊരുതി തോല്‍പിച്ച ജനത എന്നാവും ചരിത്രം നമ്മളെ വിശേഷിപ്പിക്കുക.