ഭീതി നിറച്ച് നിപ്പ ;ഭയമല്ല ജാഗ്രതയാണ് വേണ്ടത്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം?

സംസ്ഥാനത്ത് നിപ്പ വീണ്ടും സ്ഥിതീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് കഴിഞ്ഞ ദിവസം നിപ്പ സ്ഥിതീകരിച്ചത്. ഭയമല്ല ജാഗ്രതയാണ് ഈ സാഹചര്യത്തില്‍ വേണ്ടത്. വ്യാപനം തടയുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. നിപയെക്കുറിച്ച് ഡോക്ടര്‍ ഇക്ബാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…

കോവിഡില്‍ നിന്നും നീപയില്‍ നിന്നും പാഠം ഉള്‍കൊള്ളുക
മനുഷ്യരില്‍ കാണപ്പെടുന്ന നിരവധി പകര്‍ച്ചവ്യാധികള്‍ മനുഷ്യചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് സൂക്ഷ്മജീവികള്‍ കടന്നു വന്നതിന്റെ ഫലമായുണ്ടായാവയാ!ണ്. ഇവയെ ജന്തുജന്യരോഗങ്ങള്‍ (സൂണോസിസ്: Zoonoses: Zoonotic Diseases) എന്നാണ് വിളിക്കുക.

മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകര്‍ച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്. വര്‍ഷംതോറും 250 കോടി പേരില്‍ ജന്തുജന്യരോഗങ്ങള്‍ കാണപ്പെടുകയും ഇവരില്‍ 27 ലക്ഷം പേര്‍ മരണമടയുകയും ചെയ്യുന്നുണ്ട്.

മഹാമാരികളില്‍ വസൂരിയും പോളിയോയും ഒഴിച്ചുള്ള പ്ലേഗ്, ഫ്‌ലൂ, എയ്ഡ്‌സ്, കോവിഡ്, സാര്‍ ഴ് സ്, മെര്‍ ഴ് സ്, എബോള, നിപ തുടങ്ങിയ മഹാമാരികള്‍ എല്ലാം തന്നെയും മൃഗജന്യരോഗങ്ങളാണ്. വവ്വാലുകളില്‍ നിന്നും വെരുക് (സാര്‍ഴ് സ്), ഒട്ടകം (മേര്‍ഴ് സ്), എന്നീ ഇടനില വാഹകര്‍ വഴിയാണ് വൈറസുകള്‍ മനുഷ്യ ശരീരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു.

ചില രോഗങ്ങള്‍ കൊതുക്, ചെള്ള് തുടങ്ങിയ കീടങ്ങള്‍ വഴിയാണ് മനുഷ്യരിലെത്തുന്നത്. ഇവയെ പ്രാണിജന്യ രോഗങ്ങളെന്നും (Vector Born Diseases) വിളിക്കുന്നു. ഫലവത്തായ പ്രതിരോധ ചികിത്സയും വാക്‌സിനും ലഭ്യമാണെങ്കിലും പേപ്പട്ടിവിഷബാധ (Rabies) ലോകമെമ്പാടും ഇപ്പോഴും വലിയൊരു മൃഗജന്യ പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുന്നുണ്ട്.

മൃഗങ്ങളുമായി മനുഷ്യന്‍ കൂടുതല്‍ അടുത്തിടപഴകേണ്ടി വരുന്ന സാഹചര്യം പലകാരണങ്ങളാലും വര്‍ധിച്ച് വരികയാണ്. പരിസ്ഥിതിവിനാശത്തിന്റെ ഫലമായി വന്യജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥക്ക് കോട്ടം തട്ടുന്നു. പരിസ്ഥിതിയിലുണ്ടാവുന്ന തകരാറുകള്‍ കാലാവസ്ഥാവ്യതിയാനത്തിന് (Climate Change) കാരണമാവുന്നു. ഇതിന്റെ യെല്ലാം ഫലമായി വന്യജീവികള്‍ മനുഷ്യവാസസ്ഥലത്ത് കടക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

മനുഷ്യരിലെ വൈറസുകളുടെയും ബാക്റ്റീരിയകളുടെയും ജനിതകപഠനങ്ങള്‍ സൂചിപ്പിക്കുന്നത് പല മനുഷ്യരോഗാണു ക്കളുടെയും ഉദ്ഭവം കൃഷിയും മൃഗസംരക്ഷണവും ആരംഭിച്ച ചരിത്രഘട്ടങ്ങളിലായിരുന്നു എന്നാണ്. മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം ഭക്ഷിച്ചിരുന്ന കാലഘട്ടങ്ങളിലും, അവയെ ഇണക്കി വളര്‍ത്തിയ അവസരങ്ങളിലും വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് നിരവധി രോഗാണുക്കള്‍ പകര്‍ന്നിട്ടുണ്ട്.

മൃഗമാംസവ്യാപാരം വലിയൊരു വാണിജ്യവ്യവഹാരമായി മാറിയതും ജന്തുജന്യരോഗസാധ്യത വര്‍ധിപ്പിച്ചു.
മൃഗങ്ങളുടെ ശരീരത്തില്‍ പ്രതിരോധവ്യവസ്ഥയുമായി സന്തുലാവസ്ഥ കൈവരിച്ച് നിരവധി സൂക്ഷ്മജീവികള്‍ അവയില്‍ രോഗമുണ്ടാക്കാതെ കഴിയുന്നുണ്ട്.

ഒട്ടനവധി വൈറസുകളുടെ പ്രകൃത്യാലുള്ള വാഹകരാണ് (Natural Reservoir) വന്യജീവികള്‍. മനുഷ്യരുമായി കൂടുതല്‍ അടുത്തിടപഴകുമ്പോള്‍ മൃഗങ്ങളുടെ ശരീരത്തിലുള്ള രോഗാണുക്കള്‍ നേരിട്ടോ മറ്റേതെങ്കിലും ഇടനിലജീവിയുടെ (intermediate Host) ശരീരത്തിലേക്ക് കടന്നിട്ടോ മനുഷ്യരിലെത്തി രോഗകാരണമാവുന്നു.

പ്രത്യേകസാഹചര്യങ്ങളില്‍ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ എത്തുന്നതിനെ കുതിച്ച് ചാട്ടം (Jumping), അതിരുകവി യല്‍ (Spillover) എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. ഇടനിലജീവിയുടെ ശരീരത്തില്‍ വച്ച് ജനിതകവ്യതിയാനത്തിലൂടെ (Mutation) രോഗാണുക്കള്‍ക്ക് തീവ്രതയും (Virulence) പകര്‍ച്ചാസാധ്യതയും (Infectivtiy) വര്‍ധിക്കയും മനുഷ്യരിലെത്തുന്നതോടെ രോഗകാരണമാവുകയും ചെയ്യുന്നു.

മൃഗകമ്പോളങ്ങള്‍ കോഴി, താറാവ്, മത്സ്യം, ആടുമാടുകള്‍ തുടങ്ങി വിവിധ ജന്തുജാലങ്ങളുടെ മാംസവില്പന ദേശീയ അന്തര്‍ദേശീയ തലത്തില്‍ വമ്പിച്ച സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന വാണിജ്യസംരംഭങ്ങളായി മാറിയിട്ടുണ്ട്.

ഇവയോടൊപ്പം ചൈന, ഇന്ത്യനേഷ്യ, തായ് ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ വെരുക്, വവ്വാല്‍, പാമ്പ്, ഈനാം പേച്ചി തുടങ്ങിയ അപൂര്‍വ്വ ജന്തുജാലങ്ങളെ ജീവനോടെയോ മാംസങ്ങളായോ വില്‍ക്കുന്ന വെറ്റ്മാര്‍ക്കറ്റ് (Wet Market) എന്ന് വിശേഷിപ്പിക്കുന്ന കമ്പോളങ്ങളും പ്രവര്‍ത്തിച്ച് വരുന്നു.

ഇത്തരം വ്യാപാരശാലകളില്‍ ജീവജാലങ്ങളെ പലപ്പോഴും യാതൊരു ശുചിത്വമാനദണ്ഡങ്ങളും പാലിക്കാതെ കൂടുകളിലായി തിക്കി നിറച്ചാണ് ശേഖരിച്ച് വക്കാറുള്ളത്. വിവിധജന്തുജാലങ്ങളുടെ ശരീരത്തിലുള്ള വൈറസുകള്‍ അന്വോന്യം വിനിമയം ചെയ്യപ്പെട്ട് ജനിതകസംയോജനത്തിലൂടെ തീവ്രത കൈവരിക്കാനുള്ള സാധ്യത ഇതിലൂടെ വര്‍ധിക്കുന്നു. .

ഇത്തരം കമ്പോളങ്ങളില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പര്‍ക്കം കൂടുതല്‍ ഗാഢമാകുന്നതോടെ വൈറസുകള്‍ മനുഷ്യശരീരത്തിലേക്ക് കടക്കുകയും രോഗകാരണമാവുകയും ചെയ്യുന്നു.

ചൈനയിലെ വെറ്റ്മാര്‍ക്കറ്റുകളില്‍ നിന്നാണ് സാര്‍ഴ്‌സ്, വൈറസുകള്‍ മനുഷ്യരിലെത്തിയത്. പക്ഷിപ്പനിയുടെ ഉറവിടവും ഇത്തരം വാണിജ്യകേന്ദ്രങ്ങളായിരുന്നു. മൃഗകമ്പോളങ്ങളില്‍ നിന്നും ജനിതകമാറ്റത്തിലൂടെ രൂപംകൊള്ളുന്ന ഫ്‌ലൂ വൈറസ് വഴി കൂടുതല്‍ രൂക്ഷമായ പ്ലൂ മഹാമാരി ഉത്ഭവിക്കാനുള്ള സാധ്യയുണ്ടെന്ന് വിദഗ്ധര്‍ ജാഗ്രതപ്പെടുത്തിയിട്ടുണ്ട്.


ജന്തുജാലങ്ങളുടെ പ്രസക്തി വളര്‍ത്തുമൃഗങ്ങളെ ഒഴിവാക്കികൊണ്ടും വന്യജീവികളെ നശിപ്പിക്കുകയോ അവയുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കികൊണ്ടും ജന്തുജന്യരോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം എന്ന് കരുതുന്നത് പ്രായോഗികമല്ല. അഞ്ചാംപനി വൈറസിന്റെ പൂര്‍വ്വികനായ കാലിവസന്തവൈറസ് മനുഷ്യരില്‍ രോഗമുണ്ടാക്കുന്നവയായിരുന്നില്ല. എന്നാല്‍ അഞ്ചാംപനി വൈറസിനേക്കാള്‍ കൂടുതല്‍ മനുഷ്യമരണങ്ങള്‍ കാലിവസന്തമൂലം പരോക്ഷമായിട്ടുണ്ടായിട്ടുണ്ട്.

വായുവിലൂടെ പകരുന്ന, നൂറു ശതമാനംവരെ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള, ഈ രോഗം കന്നുകാലികളെ മുഴുവന്‍ ഇല്ലാതാക്കി മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിട്ടാണ് മനുഷ്യമരണങ്ങള്‍ക്ക് കാരണമായത്, 1889 ല്‍ എത്യോപ്യയില്‍ മൂന്നിലൊന്നു മനുഷ്യര്‍ മരിച്ചതടക്കം, ആഫ്രിക്കയില്‍ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണങ്ങള്‍ക്ക് കാരണമായത് കാലിവസന്തമൂലമുണ്ടായ കന്നുകാലികളുടെ കൂട്ടമരണവും തുടര്‍ന്നുണ്ടായ പട്ടിണിയുമാണ്. ജന്തുജന്യരോഗഭീഷണി എന്നതിനപ്പുറം മൃഗാരോഗ്യം മനുഷ്യരുടെ ജീവിതത്തില്‍ വഹിക്കുന്ന പങ്ക് ഈ പട്ടിണി മരണങ്ങളുടെ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.


നിരവധി പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായ വൈറസുകളുടെ പ്രകൃതിദത്തവാഹകര്‍ വവ്വാലുകളാണ്. എബോള, മീസില്‍സ് , മമ്‌സ്, നിപ, കൊറോണ വൈറസുകളെല്ലാം മനുഷ്യരിലെത്തിയത് വവ്വാലുകളില്‍ നിന്നാണ്. 1200 വംശങ്ങളുള്ള വവ്വാലുകളില്‍ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

എങ്കിലും വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കണ്ട് അവയുടെ വംശനാശം വരുത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും. പ്രകൃതിചക്രത്തിലും പുന:ചക്രത്തിലും, പരിസ്ഥിതിസംരക്ഷണത്തിലും സാമ്പത്തികഘടനയിലും മനുഷ്യാരോഗ്യസംരക്ഷണത്തിലുമെല്ലാം വവ്വാലുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. കൃഷി നശിപ്പിക്കയോ മനുഷ്യരില്‍ രോഗപരത്തുകയോ ചെയ്യുന്ന പല കീടങ്ങളേയും അമിതമായി പെരുകാതെ നിയന്ത്രിച്ച് നിര്‍ത്തുന്നത് വവ്വാലൂകളാണ്. പല ചെടികളിലും പരാഗണം നടത്തുന്നതും അവയുടെ വിത്തുകള്‍ വിതരണം ചെയ്യുന്നതും വവ്വാലുകളാണ്. ഗുഹകളില്‍ കഴിയുന്ന വവ്വാലുകളുടെ വംശനാശം സംഭവിച്ച് വരികയാണ്.

പരിസ്ഥിതിനശീകരണത്തിന്റെ ഭാഗമായി വവ്വാലുകളുടെ ആവാസവ്യവസ്ഥക്ക് കോട്ടം സംഭവിക്കുകയും അവയുടെ ആഹാരസ്രോതസ്സുകള്‍ കുറഞ്ഞു വരികയും ചെയ്യുന്നുണ്ട്. വവ്വാലുകളുടെ ജീവിതസാഹചര്യങ്ങളില്‍ മനുഷ്യര്‍ കടന്ന് കയറുന്നത് കൊണ്ടാണ് വവ്വലുകളിലെ വൈറസുകള്‍ മനുഷ്യരിലെത്തി രോഗം പരത്തുന്നത്.
പൊതുവില്‍ അവഗണിക്കപെട്ട് പോയ വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കാണാതെ അവയെ സംരക്ഷിച്ച് നിര്‍ത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.

ജന്തുക്കളെ സംബന്ധിച്ചും അവയൂടെ സാമൂഹിക സാമ്പത്തിക പരിസ്ഥിതി പ്രസക്തിയെ സംബന്ധിച്ചും ജന്തുജന്യരോഗങ്ങളെ സംബന്ധിച്ചുമുള്ള ശാസ്ത്രീയമായ അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും, വളര്‍ത്തുമൃഗങ്ങളോടും പരിസ്ഥിതിയോടും ജാഗ്രതയോടെയുള്ള സഹവര്‍ത്തിത്വം പുലര്‍ത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ശാസ്തീയസമീപനമാണ് സ്വീകരിക്കേണ്ടത്.


ഏകലോകം ഏകാര്യോഗ്യത്തിലേക്ക്അഭൂതപൂര്‍മായ ജനസംഖ്യാവര്‍ദ്ധന, വന്യജീവികളുടെ ആവാസകേന്ദങ്ങളിലേക്ക് വര്‍ധിച്ച് വരുന്ന കടന്നുകയററം, ഭൂവിനിയോഗത്തിലെ വമ്പിച്ച മാറ്റങ്ങള്‍, കാലാവസ്ഥാവ്യതിയാനം, വളര്‍ത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ഇവയില്‍ നിന്നുള്ള ഉല്പന്നങ്ങളുടെയും ആഗോളവിനിമയ, തുടങ്ങി മഹാമാരികള്‍ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്നത് സുനിശ്ചിതമാക്കുന്ന ഘടകങ്ങള്‍ ഏകലോകം ഏകാരോഗ്യം എന്ന സമീപനത്തിലേക്ക് ലോകത്തെ എത്തിച്ചിട്ടുണ്ട്.

മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനില്‍പ്പും പരിസ്ഥിതിയും പരസ്പര ബന്ധിതമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പരിസ്ഥിതിയും മൃഗങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നത് മനുഷ്യാരോഗ്യസംരക്ഷണം പോലെ പ്രധാനമാണെന്ന ‘ഏകലോകം ഏകാരോഗ്യം’ എന്ന കാഴ്ച്ചപ്പാട് ഇപ്പോള്‍ ലോകരാജ്യങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട് 

 

Related posts

Leave a Comment