കോഴിക്കോട്: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ ആശങ്ക ഒഴിയുന്നതായി ആരോഗ്യ വകുപ്പ്. കഴിഞ്ഞ മൂന്നു ദിവസമായി പുതുതായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ രണ്ടാം തരംഗ സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ഇന്നലെ 42 പേരുടെ ഫലവും നെഗറ്റീവായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഒമ്പതു വയസുകാരനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി.
മറ്റ് മൂന്നു പേരുടെയും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്.അതേസമയം 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു അയച്ചിട്ടുണ്ട്.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതല്‍ ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്നും കേരള വെറ്ററിനറി ആന്ഡ്അനിമല് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ഡോക്ടര്‍മാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.
നിലവില്‍ ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ളത് 352 പേരാണ്. അവരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്.
നിലവില്‍ നിപ ബാധിതരുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഏര്‍പ്പെട്ട ഭൂരിഭാഗം പേരെയും കണ്ടെത്താനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ പോലീസിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.