തിരുവനന്തപുരം: പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന ബിഡിഎസ് വിദ്യാർഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു.
തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധന കൂടിയായിരുന്നു ഇത്.
പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ വിദ്യാർഥിയെ കഴിഞ്ഞ ദിവസമാണ് നിരീക്ഷണത്തിനായി പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. വവ്വാല് കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് നിപ ആശങ്കയുടെ പശ്ചാത്തലത്തിൽ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷണത്തിലാക്കിയത്.
നിപ വൈറസ് തോന്നയ്ക്കൽ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിക്കാൻ കഴിയുമെങ്കിലും പരിശോധനാ ഫലം പ്രഖ്യാപിക്കാൻ അധികാരമില്ലാത്തതിനാലാണ് കോഴിക്കോട്ടെ രോഗികളുടെ സാന്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞിരുന്നു.
തൊട്ടു പിന്നാലെ ആരോഗ്യ മന്ത്രിയുടെ നിലപാടു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ വൈറസ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനു പിന്നാലെയാണ് തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ തിരുവനന്തപുരത്ത് പനി ബാധിച്ച വിദ്യാർഥിയുടെ പരിശോധന നടത്തിയത്.