വ്യാജ പ്രചരണങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ഒരു കാലത്തും പഞ്ഞമില്ല. ചെറുതും വലുതുമായ ഏത് സംഭവം നാട്ടില്‍ ഉണ്ടായാലും അതിനെക്കുറിച്ച് ആധികാരികമെന്ന് തോന്നിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍മീഡിയകള്‍ വഴി തലങ്ങും വിലങ്ങും പ്രചരിക്കും. ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്, നിപ്പാ വൈറസ് പനിയെ സംബന്ധിച്ച വിവരങ്ങളാണ്. അക്കൂട്ടത്തിലൊന്നാണ് പവിവഴമല്ലി ഇല ഇട്ടു തിളപ്പിച്ചവെള്ളം നിപാ വൈറസിനെ പ്രതിരോധിക്കും എന്ന പ്രചരണം.
അതിങ്ങനെയായിരുന്നു…’പവിഴ മല്ലിഗൈ, പവിഴമല്ലി, പവല മല്ലി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചെടി നിപ്പ വൈറസ് ബാധയ്ക്കുള്ള ഉത്തമ ഔഷധമാണ്. ആറ് പവിഴമല്ലി ഇല 200 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് പകുതിയാക്കി കുരുമുളക് പൊടിയും ചെറുനാരങ്ങ നീരും ചേര്‍ത്ത് നിത്യവും നാല് നേരം സേവിക്കുന്നത് നിപ്പ വൈറസ് രോഗബാധയ്ക്ക് ശമനമേകും..ഈ സന്ദേശം എത്രയും പെട്ടന്ന് എല്ലാവരിലേക്കും എത്തിക്കുക…’.
എന്നാല്‍ പവിഴമല്ലിയുടെ നിപ്പാ പ്രതിരോധത്തെക്കുറിച്ച് ഇതുവരെയും പഠനങ്ങള്‍ ആയുര്‍വേദത്തില്‍ നടന്നിട്ടില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: ശ്രീകുമാര്‍. അത്തരം കേസ് റിപ്പോര്‍ട്ടുകളോ അക്കദമിക്ക് റിപ്പോര്‍ട്ടുകളോ നിലവിലില്ല. ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിച്ച് അവയ്ക്കു പിന്നാലെ പോകാതിരിക്കുക. രോഗം കണ്ടെത്തിയാല്‍ ഉടന്‍ വൈദ്യസഹായം തേടുക. കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളും മുന്‍കരുതലും സ്വീകരിക്കുക. ഡോക്ടര്‍ പറഞ്ഞു.