സ്വന്തം ലേഖകന്
കോഴിക്കോട്: നിപ ഭീതി പടരുന്നതിനിടെ ഉറവിടമുള്പ്പെടെയുള്ള കാര്യങ്ങള് പരിശോധിക്കാന് കേന്ദ്രസംഘം കോഴി ക്കോട്ടെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആവശ്യപ്രകാരം എത്തിയ കേന്ദ്രസംഘം കുറ്റ്യാടിയിലും ആയഞ്ചേരിയിലും വവ്വാല് സര്വേകളും വിദഗ്ധ അന്വേഷണവും നടത്തും.
രാവിലെ കോഴിക്കോട് കളക്ടറേറ്റിലെത്തിയ സംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തി.
നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാടിലെ മുഹമ്മദാലിയുടെ പുഴയോരത്തെ തോട്ടത്തില് കോഴിക്കോട് മെഡിക്കല് കോളജ് കമ്യൂണിറ്റി മെഡിസില് വിഭാഗത്തിലെ വിദഗ്ധസംഘം പരിശോധന നടത്തിയിരുന്നു.
ഇവിടെ ഒരുപാട് ഫലവൃക്ഷങ്ങളുണ്ട്. വവ്വാല് കടിച്ച അടക്ക, വാഴക്കൂമ്പ്, പപ്പായ എന്നിവ സംഘം ശേഖരിച്ചു. ഇവയെല്ലാം പരിശോധനയ്ക്കയക്കും.
ആദ്യമരണം സംഭവിച്ച കള്ളാടിന് സമീപത്തെ ജാനകികാട്ടില് ചത്തനിലയില് കണ്ടെത്തിയ കാട്ടുപന്നിയുടെ സ്രവം ഇന്നലെ ശേഖരച്ചിട്ടുണ്ട്. പക്ഷി-മൃഗാദികളില്നിന്നുതന്നെയാണ് നിപ പടര്ന്നതെന്ന നിഗമനത്തില്തന്നെയാണ് ആരോഗ്യ വകുപ്പും ഉള്ളത്.
ഈ രണ്ട് പരിശോധനകളും പുര്ത്തിയായാല് മാത്രമേ ആരോഗ്യ വകുപ്പിന് എന്തെങ്കിലും നിഗമനത്തില് എത്താന് കഴിയു. അതോടൊപ്പം തന്നെ കേന്ദ്രസംഘം നടത്തുന്ന പരിശോധനകളും നിര്ണായകമാകും.
നിലവിലെ സാഹചര്യത്തില് ഉറവിടമെവിടെനിന്നെന്ന നിഗമനത്തില് എത്താല് രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര് നല്കുന്ന സൂചന. വവ്വാലുകള് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതിനാല് ഒന്നോ രണ്ടോ വവ്വാലുകളുടെ സ്രവം ശേഖരിച്ചാല് ഉറവിടം കണ്ടെത്തിക്കൊള്ളണമെന്നില്ല.
മൃഗങ്ങളില്നിന്നും നിപ പടാരാനുള്ള സാധ്യതയും നിലവിലുണ്ട്.2021ൽ മുക്കത്ത് 13 വയസുകാരന് മരിച്ചത് ആടില്നിന്നു നിപ പിടിപെട്ടതുകൊണ്ടായിരുന്നു. ആട് വവ്വാല് കടിച്ച റംബൂട്ടാന് കഴിച്ചതുമൂലമായിരുന്നു ഇതെന്നായിരുന്നു നിഗമനം.
ഈ സാഹചര്യത്തില് സമഗ്ര പരിശോധനകളിലുടെമാത്രമേ ഉറവിടം വ്യക്തമാകൂ.അതേസമയം രണ്ട് മരണമുണ്ടായെങ്കിലും നിലവില് ചികില്സയിലുള്ളവരുടെ ആരോഗ്യ നിലയില് കാര്യമായ പുരോഗതിയുണ്ടായത് ആരോഗ്യ വകുപ്പിന് ആശ്വാസമായിരിക്കുകയാണ്.
ഇന്നലെ നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്ത്തകന്റെ നിലയിലും പുരോഗതിയുണ്ട്. കാര്യമായ ആരോഗ്യ പ്രശ്നങ്ങള് ഇദ്ദേഹത്തിനില്ലെന്ന് ആശുപത്രി അധികൃതര് വ്യക്തമാക്കി. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
ആദ്യം മരിച്ച മുഹമ്മദലി ചികില്സ തേടിയ സ്വകാര്യ ആശുപത്രിയില് ജോലിചെയ്തയാളാണ് യുവാവ്. ശ്വാസ തടസവും പനിയും അനുഭവപ്പെട്ടതിനെതുടര്ന്നാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇദ്ദേഹമടക്കം മൂന്നു പേരാണ് ചികിത്സയിലുള്ളത്.