നിപ്പ വൈറസിനുള്ള ഏറ്റവും ഫലപ്രദമായ മരുന്ന് ഉള്ളത് ഓസ്ട്രേലിയയിലാണ്. മരുന്ന് ഇന്ത്യയ്ക്ക് നല്‍കാമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച്ചയോടെ മരുന്ന് എത്തുമെന്ന് എസ്ബിഎസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാരിന് കീഴിലുള്ള ഔദ്യോഗിക വാര്ത്തമാധ്യമമാണ് എസ്ബിഎസ്. ക്വീന്‍സ്ലാന്റില്‍ വികസിപ്പിച്ചെടുത്ത ആന്റിബോഡി നല്കാന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് കത്തെഴുതിയിരുന്നു.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും, അടുത്തയാഴ്ചയോടെ ആന്റിബോഡി ഇന്ത്യയ്ക്ക് നല്‍കുമെന്നും ക്വീന്‍സ്ലാന്റ് ആരോഗ്യവക്താവ് എസ് ബി എസ് മലയാളം റേഡിയോയെ അറിയിച്ചു.
ഓസ്ട്രേലിയയില്‍ നിപക്കു സമാനമായ ഹെന്‍ഡ്ര വൈറസ് ബാധയുണ്ടായപ്പോള്‍ നല്കിയ ആന്റിബോഡിയാണ് ഇത്. മറ്റു മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പൂര്‍ണമായി പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത മരുന്നുകള്‍ ഉപയോഗിക്കുന്ന കംപാഷണേറ്റ് യൂസ് പ്രോട്ടോക്കോളിന്റെഅടിസ്ഥാനത്തിലാണ് ഈ ആന്റബോഡി ഉപയോഗിച്ചത്.
നിപ വൈറസിന് ഈ ആന്റിബോഡി പൂര്‍ണമായും പ്രയോജനപ്രദമാകുമോ എന്ന കാര്യം ക്വീന്‍സ്ലാന്റ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിപ ബാധ നിയന്ത്രിക്കുന്നതിന് ഇത് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു. കോഴിക്കോടും മലപ്പുറത്തുമായി 12 പേരാണ് നിപ മൂലം ഇതുവരെ മരിച്ചത്.
ഇപ്പോഴും വൈറസ് ബാധയുടെ കാരണം വ്യക്തമായിട്ടില്ല. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വൈറസ് പടരുമോ എന്ന ആശങ്ക കൂടി നിലനില്‍ക്കുന്നതിനിടെയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ സഹായം അഭ്യര്‍ത്ഥിച്ചത്.
വാര്‍ത്ത കടപ്പാട് എസ്ബിഎസ് മലയാളം