അന്പലപ്പുഴ: കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴ മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ പ്രവേസിപ്പിച്ച 56 കാരനായ അടൂർ സ്വദേശിക്ക് നിപ്പ രോഗലക്ഷണങ്ങളില്ലെന്ന് മെഡിസിൻ വിഭാഗം മേധാവിയുടെ റിപ്പോർട്ട്. കടുത്ത പനിയെ തുടർന്ന് 29 ന് അടുർ ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജില്ല ആശുപത്രിയിലും ചികിത്സയിലായിരുന്നു ഇയാൾ. മെഡിസിൻ വിഭാഗം വിശദമായ പരിശോധന നടത്തി.
എച്ച്ഒഡി ഡോ. ടി.ഡി. ഉണ്ണികൃഷ്ണ കർത്ത ഇയാൾക്ക് നിപ്പ വൈറസ് ബാധ ലക്ഷണമില്ലെന്ന റിപ്പോർട്ട് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാം ലാലിനു കൈമാറിയിട്ടുണ്ട്.ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ വൈറോളജി ലാബിലെ വിദഗ്ധ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. അടൂർ സ്വദേശി കഴിഞ്ഞ 22 ന് കോഴിക്കോട്ടുള്ള ഭാര്യവീട്ടിൽ പോയി മടങ്ങി വന്നിരുന്നു.
29 നാണ് കഠിനമായ പനി തുടങ്ങിയത്. ഇതും നിപ്പാ സംശയത്തിന് കാരണമായി. തുടർന്ന് നിപ്പ വൈറസ് ബാധമുള്ള പനിയല്ല രോഗിക്കെന്ന് സ്ഥിരീകരിച്ചു.എന്നാലും ആശുപത്രിയിലെ ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും ഭയാശങ്കയിലാണ്. ആശുപത്രിയിലെ നിരവധി കിടക്കകളും കാലിയായി.
പലരും സ്വയം എഴുതിക്കൊടുത്ത് ആശുപത്രി വിടുകയായിരുന്നു. ഇതിനിടയിൽ വാട്സ്ആപ്പ് പലവിധ സന്ദേശങ്ങൾ വ്യാപിച്ചതും പ്രശ്നം കൂടുതൽ രൂക്ഷമാക്കി. ഇതിനിടെ ആശുപത്രിയിൽ പല അസുഖങ്ങളുമായി എത്തുന്ന രോഗികളുടെ കൂടെ ആവശ്യത്തിൽ കൂടുതൽ പേർ സമയം ചെലവഴിക്കുന്നതായും രോഗിയോടൊപ്പം കട്ടിലിലിരുന്നു തന്നെ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതായും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ആശുപത്രി ജീവനക്കാരുമായുള്ള തർക്കത്തിനു പോലും മുൻകാലങ്ങളിൽ ഇതു വഴിവച്ചിട്ടുമുണ്ട്. പുതിയ രോഗങ്ങളടക്കം കൂടുതൽ പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് ആശുപത്രിയിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും രോഗികൾക്കു പരമാവധി വിശ്രമം നല്കണമെന്നും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അഭ്യർഥിച്ചു.