ആലപ്പുഴ: നിപ്പാ വൈറസ് ഭീതിയിൽ കേരളം തുടരുന്പോൾ ഫലപ്രദമായ പ്രതിരോധപ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ട, ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ബാലാരിഷ്ടതയിൽ തുടരുന്നു. പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാറ്റലൈറ്റ് സെന്ററായ ഇവിടെ അതീവഗുരുതരസ്വഭാവമുള്ള പരിശോധനകൾ നടത്താറില്ല.
ബയോസേഫ്റ്റി ലെവൽ-2 വരെയുള്ള വൈറസുകളുടെ പരിശോധനകളും സാധാരണ ലാബ് പരിശോധനകളും മാത്രമാണിപ്പോൾ നടക്കുന്നത്. മറ്റു പരിശോധനകൾക്കായി പൂനെയിലും മണിപ്പാലിലുമുള്ള ലാബുകളെയാണ് ആശ്രയിക്കുന്നത്.
റാബിസ് അടക്കമുള്ള വൈറസുകളുടെ പരിശോധന പോലും ഇവിടെ നടക്കുന്നില്ല.കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് ആലപ്പുഴ മെഡിക്കൽ കോളജിന്റെ ഇ-ബ്ലോക്കിലെ താത്കാലിക സംവിധാനത്തിൽ തുടങ്ങിയതാണ് സ്ഥാപനം. പുതിയ കെട്ടിടത്തിന്റെ നിർമാണം പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. 2017 സെപ്റ്റംബറിൽ പണി പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
ഇതോടൊപ്പം1999-ൽ ആരംഭിച്ച കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്ന സ്ഥാപനമാകട്ടെ മരണക്കിടക്കയിലും. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വന്നതോടെ ഇതിന്റെ പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു. ഉള്ള ജീവനക്കാരെ നഗരസഭയിലെ കൊതുകുസാന്ദ്രത പഠിക്കാൻ നിയോഗിച്ചിരിക്കുകയാണെന്നു പറയപ്പെടുന്നു.
മെഡിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ കീഴിലായിരുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ട് പിന്നീട് ആരോഗ്യവകുപ്പിനും പിന്നീട് മെഡിക്കൽ കോളജിനും കൈമാറി. 2014-ൽ അന്നത്തെ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് കൈമാറാൻ തീരുമാനിച്ചു. ഇതുവരെയും ഒന്നും നടന്നില്ലെന്നുമാത്രം.