കൊച്ചി: മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ജില്ലയിൽ ഇതുവരെ മൃഗങ്ങളിൽ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജില്ലയിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങൾ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും നിപ്പാ സമാനമായ രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഇത് സംബന്ധിച്ച് പരിഭ്രാന്തി ഉണ്ടാകേണ്ട സാഹചര്യം ഇല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽനിന്നെത്തിയ ഉന്നതസംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ജാഗ്രത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതിനും ക്ലിനിക്കൽ സർവൈലൻസ് തുടരുന്നതിനും ഉന്നതസംഘം നിർദേശം നൽകി. വന്യജീവികളിലെ രോഗസാധ്യത സംബന്ധിച്ച് നിരീക്ഷണ നടപടികൾ തുടർന്നുവരികയാണ്.
തൃശൂർ, ഇടുക്കി ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇവിടെ ജാഗ്രത നടപടികൾക്ക് നിർദേശങ്ങൾ നൽകി. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി നിർദേശങ്ങൾ നൽകുന്നതിനായി ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ്, ബംഗ്ളൂരു സതേണ്‍ റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ഇന്ന് ജില്ല സന്ദർശിക്കും.
ഇതിനിടെ, തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ ലേബർ ക്യാന്പുകളിൽ നടത്തുന്ന പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ വൃത്തിഹീനമായവയ്ക്ക് അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.