പറവൂർ: നിപ്പ വൈറസ് വാഹകരായ പഴംതീനി വവ്വാലുകളെ പറവൂരിൽ വിദഗ്ധസംഘം കണ്ടെത്തി. നിപ്പ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ വീടു സ്ഥിതിചെയ്യുന്ന വടക്കേക്കരയുടെ സമീപപ്രദേശമായ മടപ്ലാതുരുത്തിലാണു “ഫ്രൂട്ട് ബാറ്റ്’’എന്നു വിളിക്കുന്ന വവ്വാലുകളെ കണ്ടെത്തിയത്.
പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെയും വനം-വന്യജീവി വകുപ്പിലെയും ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇവയെ കണ്ടത്. എന്നാൽ രോഗത്തിന്റെ ഉറവിടം വടക്കേക്കര തന്നെയാണെന്ന് ഉറപ്പാക്കിയിട്ടില്ല. വവ്വാലുകളെ കണ്ട സ്ഥലങ്ങളിൽ ഇവയെ പിടികൂടുന്നതിനായി വനംവകുപ്പ് വല വിരിച്ചിട്ടുണ്ട്. പിടിയിലാകുന്നവയുടെ രക്തം, സ്രവം, കാഷ്ഠം എന്നിവ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും.
തുരുത്തിപ്പുറത്തിന്റെ സമീപത്തുള്ള മടപ്ലാതുരുത്ത് പള്ളിയുടെ കിഴക്കുഭാഗത്തും വാവക്കാട്ടെ രണ്ടു സ്ഥലങ്ങളിലുമാണു പഴംതീനി വവ്വാലുകളെ വൃക്ഷങ്ങളിൽ കണ്ടെത്തിയത്. അടുത്ത പഞ്ചായത്തായ ചിറ്റാറ്റുകരയിലെ പട്ടണം പ്രദേശത്തു ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലെ വിദഗ്ധർ വവ്വാലുകളുടെ കാഷ്ടം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്.
നിപ്പ ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നു വടക്കേക്കരയിലെ ഏതാനും പരിപാടികൾ മാറ്റിയിട്ടുണ്ട്. തുരുത്തിപ്പുറത്തു ഹൃദയാഘാതത്തെത്തുടർന്നു മരിച്ച ഒരാളുടെ മൃതദേഹം സംശയം തീർക്കുന്നതിനായി പോസ്റ്റ്മോർട്ടം നടത്തി. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഇന്നലെയും മുറപോലെ നടന്നു. ജാഗ്രതാ പരിശീലനങ്ങൾ പഞ്ചായത്തുതലത്തിൽ നടക്കുന്നുണ്ട്.
ഐഎംഎയുടെ സഹകരണത്തോടെ നിപ്പ രോഗിയ ചികിൽസിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും പരിശീലനം നൽകി. എല്ലാ സർക്കാർ ആശുപത്രികളിലെയും ഓരോ മെഡിക്കൽ ഓഫീസർമാർക്കും മെന്റൽ ഹെൽത്ത് കൗണ്സിലർമാർക്കും രോഗിയെ കൊണ്ടുപോകാൻ തയാറാക്കിയിട്ടുള്ള ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്.
നിപ്പ വൈറസ് പ്രതിരോധിക്കാൻ കഴിയുന്ന 10,000 ത്രീ ലെയർ മാസ്കുകൾ പുതുതായി എത്തിച്ചു. 450 പേഴ്സണൽ പ്രൊട്ടക്ഷൻ കിറ്റുകളും ലഭ്യമാക്കി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.