കാട്ടാക്കട : നിപ്പ ബാധിച്ച് പേരാമ്പ്രയിൽ മരിച്ച നഴ്സ് ലിനിയ്ക്ക് കാട്ടാക്കട പഞ്ചായത്തിൽ സ്മാരകം തീർത്തു . ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാല സൗഹ്യദ പാർക്കാണ് ലിനിയുടെ പേരിൽ തുറന്നത്. ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
ആമച്ചൽ ആശുപത്രിയുമായി ബന്ധപ്പെട്ട് കുടുംബാരോഗ്യകേന്ദ്രവും ബാല സൗഹ്യദ പഞ്ചായത്ത് രൂപീകരിക്കുന്നതിന്റെ ഭാഗമായി നടന്ന ചർച്ചയിലാണ് കുട്ടികളുടെ കളിസ്ഥലവും പൂന്തോട്ടവും വരുന്നത്.
ഇന്നലെ പാർക്ക് മന്ത്രി തുറന്നു കൊടുക്കുകയും ചെയ്തു. മനോഹരമായ രജിസ്ട്രേഷൻ കൗണ്ടർ, ഒ.പി റൂം, ജനങ്ങൾക്ക് ഇരിക്കാൻ വളരെ വിശാലമായ വിശ്രമസ്ഥലം, നിരീക്ഷണ മുറി, കോൺഫറൻസ് ഹാൾ, പൊതുജനാരോഗ്യ സംവിധാനത്തിന് പ്രത്യേക കെട്ടിടം, ലബോറട്ടറി, ഫാർമസി തുടങ്ങി എല്ലാ സൗകര്യങ്ങളുമടങ്ങുന്നതാണ് ആശുപത്രി.
കൂടാതെ ഹരിത കേരളം വിഭാവനം ചെയ്യുന്ന ഗ്രീൻ പ്രോട്ടോക്കോളുകൾ ഉൾക്കൊള്ളുന്ന ഗ്രീൻ ആർമിയുടെ സേവനവും കാട്ടാക്കട പഞ്ചായത്തിന്റെ മാലിന്യ നിർമാർജന സംവിധാനങ്ങളും ഇവിടെ ലഭ്യമാകും. ഒരു മിനി താലൂക്ക് ആശുപത്രിയെന്ന് തന്നെ പറയാവുന്ന സംവിധാനങ്ങളോട് കൂടിയ കുടുബാരോഗ്യ കേന്ദ്രമാണ് ജനങ്ങൾക്കായി തുറക്കപ്പെട്ട ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം. നബാർഡ്-ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിർമിച്ച പുതിയ മന്ദിരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവും ഉദ്ഘാടനം ചെയ്തു.
ഐ.ബി.സതീഷ് എംഎൽഎ അധ്യക്ഷനായി. .പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.രമാകുമാരി, മുൻ സ്പീക്കർ എൻ.ശക്തൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ജി.സ്റ്റീഫൻ, ഡോ.പി.വി.അരുൺ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.