കോഴിക്കോട്: നിപ്പാ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെ തിരിച്ചെടുത്തു. മെഡിക്കല്‍ കോളജ് പ്രിന്‍സപ്പലും സൂപ്രണ്ടുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മേയ് 22 മുതല്‍ 31 വരെ ഐസലേഷന്‍ വാർഡില്‍ ജോലി ചെയ്തിരുന്ന 23 ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്.
ഈ മാസം നാലിന് ആരംഭിച്ച സമരം 15 ദിവസത്തിന് ശേഷമാണ് വിജയിച്ചത്.നിപ്പ രോഗബാധക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു മെഡിക്കല്‍ കോളജിന് മുന്നില്‍ ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.
മറ്റു ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാവാതിരുന്ന കാലത്ത് ജീവന് പണയം വച്ച് ജോലി ചെയ്യാന്‍ തയ്യാറായ 45 ജീവനക്കാരെ ആണ് 2018 ഡിസംബര്‍ 31 ന് പിരിച്ചു വിട്ടത്.ഇവരില്‍ 23 പേര്‍ക്കാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുക. മറ്റ് ജീവനക്കാരുടെ ജോലിയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായി സമരക്കാര്‍ വ്യക്തമാക്കി.