കോട്ടയം: നിപ്പാ വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പേരാന്പ്ര സ്വദേശിയ്ക്കു രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണു പേരാന്പ്ര സ്വദേശിയെ കടുത്ത പനി ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
പിന്നീട് ഇയാളുടെ രക്ത സാംപിളുകൾ ശേഖരിച്ചു മണിപ്പാലിലുള്ള ലാബിലേക്കു പരിശോധനയ്ക്കായി അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണു ഇദ്ദേഹത്തിനു രോഗബാധയില്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസറെ (ഡിഎംഒ) അറിയിച്ചതായാണു വിവരം. മെഡിക്കൽ കോളജ് ആശുപത്രി അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു.
ഇയാളുടെ രക്തസാംപിളുകൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ആരംഭിച്ച വൈറോളജി ലാന്പിലേക്കും അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലും നിപ്പാ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പേരാന്പ്ര സ്വദേശി കഴിഞ്ഞ ബുധനാഴ്ചയാണു ട്രെയിൽ മാർഗം കോട്ടയത്ത് എത്തിയത്. കോട്ടയത്തുനിന്നും കടുത്തുരുത്തിയിൽ ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനാൻ പോകുന്പോൾ കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.