തൃശൂർ: നിപ്പ വൈറസിന്റെ ഉറവിടം തൃശൂരിലുണ്ടോ എന്ന് കണ്ടെത്താൻ ടാസ്ക് ഫോഴ്സ് ജില്ലയിൽ പരിശോധന തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. അനിമൽ ഹസ്ബെന്ററി പാലക്കാട് മേഖല ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. നിപ്പ ബാധിതനായ വിദ്യാർത്ഥി താമസിച്ച അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് പരിശോധന നടത്തുന്നത്. പന്നിഫാമുകളിൽ പ്രത്യേക നിരീക്ഷണം നടത്തി വരുന്നുണ്ട്.
വളർത്തുമൃഗങ്ങൾ അസ്വാഭാവികത പ്രകടിപ്പിക്കുകയാണെങ്കിൽ അറിയിക്കാൻ പറവട്ടാനിയിൽ മൃഗസംരക്ഷണ വകുപ്പ് കണ്ട്രോൾ റൂം തുടങ്ങി. എന്നാൽ ആദ്യഘട്ട പരിശോധനകളിൽ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലും പരിശോധന തുടരും.നിപ്പ പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂരിൽ 34 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
നിപ്പ ബാധിച്ച വിദ്യാർഥിയുമായി ഇടപഴകിയ 20 പുരുഷൻമാരും 14 സ്ത്രീകളും അടക്കം 34 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി രണ്ടുപേരെയാണ് നിരീക്ഷണ വിധേയമാക്കിയത്.അതേസമയം കഴിഞ്ഞദിവസം പനിബാധിച്ച് നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നുപേരുടേയും പനി കുറഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ജി. റീന അറിയിച്ചു.
വീട്ടിൽ നീരീക്ഷണത്തിലുള്ള 34 പേരെയും ദിവസം രണ്ടുതവണ ആരോഗ്യ വകുപ്പിലെ ഫീൽഡ് സ്റ്റാഫ് ബന്ധപ്പെട്ട് ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.നിരീക്ഷണത്തിലുള്ള കൂടുതൽ പേർക്ക് പനിയോ മറ്റു രോഗ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം അവലോകനയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.നിപ്പ ബാധിച്ച വിദ്യാർഥി തൃശൂരിൽനിന്ന് മടങ്ങി 12 ദിവസം കഴിഞ്ഞിട്ടും പുതിയതായി ആർക്കും നിപ്പരോഗ ലക്ഷണം കണ്ടെത്താത്തത് ആരോഗ്യ വകുപ്പ് ആശ്വസകരമായാണ് കാണുന്നത്. എങ്കിലും പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ആരോഗ്യ വകുപ്പ് ജില്ലയിൽ തുടരുകയാണ്.
നിപ്പയുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിൽ നിരീക്ഷണത്തിലുള്ള മൂന്നുപേർക്ക് രോഗലക്ഷണങ്ങളില്ലെന്ന് സൂചന. വൈറസ് ബാധ സ്ഥിരീകരിച്ച പറവൂർ തുരുത്തിപ്പുറം സ്വദേശിയായ യുവാവുമായി ഇടപഴകിയവരാണ് നിരീക്ഷണത്തിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പനി ക്ലിനിക്ക് തുറന്നു. രാവിലെ ഒന്പതുമുതൽ ഉച്ചക്ക് ഒരു മണി വരെ ക്ലിനിക്ക് പ്രവർത്തിക്കും. ആശുപത്രിയിലെത്തുന്നവർക്ക് ഉപയോഗിക്കാനായി മാസ്ക്ക് നൽകാനും തീരുമാനമുണ്ട്.
ആവശ്യമെങ്കിൽ പനിവാർഡ് തുറക്കുമെന്ന് താലൂക്ക് ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി.റോഷ് പറഞ്ഞു. നഗരസഭാ പ്രദേശത്തെ ആശുപത്രി ജീവനക്കാർക്കു വേണ്ടി പ്രത്യേക ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ.സുനിൽകുമാർ, ഡോ.കണ്ണൻ ഹരിദാസ് എന്നിവർ ക്ലാസ്സ് നയിച്ചു.നിപ്പയുടെ പശ്ചാത്തലത്തിൽ പരിഭ്രാന്തി വേണ്ടെന്നും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നതായും നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു.
നിപ്പ: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മൊയ്തീൻ
തൃശൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ തൃശൂർ മെഡിക്കൽ കോളേജിലെത്തി നിപ്പ പനിയുമായി ബന്ധപ്പെട്ട് അവലോകനം നടത്തി. ഭയപ്പെടേണ്ട സാഹചര്യം നിലവില്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സംവിധാനം സർവസജ്ജമാണ്. എല്ലാ ആശുപത്രികളിലും ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം. ആൻഡ്രൂസ്, ആർഎംഒ ഡോ. സി.പി മുരളി , ലെയ്സണ് ഓഫീസർ ഡോ. സി. രവീന്ദ്രൻ, മറ്റ് ഡോക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.