കൽപ്പറ്റ: നിപ്പാ വൈറസ് ഭീതി വയനാട്ടിൽ ടൂറിസം മേഖലയ്ക്ക് കനത്ത പ്രഹരമായി. ഇതര ദേശങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ സാന്നിധ്യം നാമമാത്രമാണിപ്പോൾ ജില്ലയിൽ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് പഴങ്കഥയായി. റിസോർട്ടുകളും ഹോംസ്റ്റേകളും ഒഴിഞ്ഞുകിടക്കുകയാണ്. നോന്പുകാലത്തും തുറന്നുപ്രവർത്തിക്കുന്ന ഹോട്ടലുകളുടെ ഉടമകൾ ധർമസങ്കടത്തിലായി.
തദ്ദേശീയർ മാത്രമാണ് ഹോട്ടലുകളിൽ ഭക്ഷണത്തിനെത്തുന്നത്. നഗരങ്ങളിലെയും ടൂറിസം കേന്ദ്രങ്ങളിലെയും ഓട്ടോ-ടാക്സി ഉടമകളുടെ ദൈനംദിന വരുമാനം ഗണ്യമായി കുറഞ്ഞു. നിപ്പാ വൈറസ് ഭയം പഴം വിപണിയെയും ബാധിച്ചു.
നിപ്പാ വൈറസ് ഭയം ജില്ലയിൽ മണ്‍സൂണ്‍ ടൂറിസം സീസണ് അപ്പാടെ ഇല്ലാതാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിൽ ടൂറിസം മേഖലയിൽ ഏകദേശം എട്ടുകോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നു വയനാട് ടൂറിസം ഓർഗനൈസേഷൻ(ഡബ്ല്യുടിഒ) എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ. രവി പറഞ്ഞു.
ഡബ്ല്യുടിഒയിൽ രജിസ്റ്റർ ചെയ്ത 70 റിസോർട്ടുകളും 250 ഹോം സ്റ്റേകളും ജില്ലയിലുണ്ട്. ഈ സ്ഥാപനങ്ങളിൽ പലതിലും 100 ശതമാനം ബുക്കിംഗ് കാൻസലേഷനാണ് ഉണ്ടായത്. വിദേശികളും കർണാടകയും തമിഴ്നാടും ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുമാണ് ബുക്കിംഗ് റദ്ദാക്കിയത്. സാമൂഹികമാധ്യമങ്ങളിലെ വിഡ്ഢിത്തങ്ങൾ നിപ്പാ വൈറസ് ബാധയെക്കുറിച്ചു ജനങ്ങളിൽ ഭീതി ഇരട്ടിപ്പിക്കുന്നതിനു കാരണമായെന്നു രവി അഭിപ്രായപ്പെട്ടു.
മണ്‍സൂണ്‍ ടൂറിസം സീസണിലെ നഷ്ടം നികത്തുന്നതിനു ഉതകുന്ന ശക്തമായ പ്രചാരണ പരിപാടികൾ സർക്കാരും ടൂറിസം വകുപ്പും നടത്തേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു. കാരാപ്പുഴ ഡാം, ബാണാസുര ഡാം, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിനു കീഴിലുള്ള പൂക്കോട്, കർലാട് തടാകങ്ങൾ, എടക്കൽ റോക്ക് ഷെൽട്ടർ, അന്പലവയൽ പൈതൃക മ്യൂസിയം, വനം വകുപ്പിനു കീഴിലുള്ള മീൻമുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടങ്ങൾ എന്നിവയാണ് ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ.
ഇവിടങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ ഏകദേശം 70 ശതമാനം കുറവാണ് ഉണ്ടായത്. ദിവസം ശരാശരി 3,000 സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തിൽ ഇന്നലെ ആയിരത്തിൽ ചുവടെ സന്ദർശകരാണ് ഉണ്ടായിരുന്നതെന്ന് സെന്റർ മാനേജർ എം.എസ്. ദിനേശൻ പറഞ്ഞു. സഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞത് ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കച്ചവടക്കാരുടെയും വയറ്റത്തടിച്ചു.
ജില്ലയിലെ പ്രധാന നഗരങ്ങളായ കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നോന്പുകാലത്ത് വിരലിലെണ്ണാവുന്ന ഭക്ഷണശാലകളാണ് തുറന്നു പ്രവർത്തിക്കുന്നത്. വൻ തിരക്കാണ് ഈ ഹോട്ടലുകളിൽ അനുഭവപ്പെട്ടിരുന്നത്. എന്നാൽ നിപ്പാ വൈറസ് ഭീതി സംസ്ഥാന അതിർത്തികൾ കടന്നതോടെ ഭക്ഷണശാലകളിൽ കച്ചവടം പകുതിക്കും താഴെയായി. അടുത്തെങ്ങും ഹോട്ടൽ ഇല്ലാതിരുന്നിട്ടും കച്ചവടത്തിൽ 70 ശതമാനത്തോളം കുറവ് ഉണ്ടായതായി കൽപ്പറ്റ ഉഡുപ്പി ഹോട്ടൽ മാനേജർ മണി പറഞ്ഞു.
ജില്ലയിൽ ടൂറിസം മേഖല സാധാരണനില വീണ്ടെടുക്കുന്നതിനു കുറഞ്ഞത് ഒരു മാസമെടുക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. പേരിനു പോലും ഓട്ടം കിട്ടാതെ വിഷമിക്കുകയാണ് ടൂറിസ്റ്റു ടാക്സി ഡ്രൈവർമാർ. കൊള്ളാവുന്ന ഒരോട്ടം കിട്ടിയിട്ട് ദിവസങ്ങളായെന്നു കൽപ്പറ്റയിലെ ടാക്സി ഡ്രൈവറും സിപിഐ(എംഎൽ) ജില്ലാ സെക്രട്ടറിയുമായ സാം പി. മാത്യു പറഞ്ഞു. ഈ അവസ്ഥ തുടരുന്നത് ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്ത് ടാക്സികൾ വാങ്ങിയവരെ കടക്കെണിയിലാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.