കോഴിക്കോട്ടും മലപ്പുറത്തും നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ മലബാര്‍ ഭാഗങ്ങള്‍ ശോകതയില്‍. മലബാറില്‍ പലയിടത്തും വിവാഹം അടക്കമുള്ള ആഘോഷങ്ങള്‍ മാറ്റിവയ്ക്കുകയാണ്. ഉറപ്പിച്ച തിയതികളില്‍ കല്യാണം നടത്തുന്നത് രോഗം പടരാന്‍ കൂടുതല്‍ സാധ്യതയുണ്ടാക്കുമെന്ന തിരിച്ചറിവിനൊപ്പം കല്യാണത്തിന് ആളു വരാത്തതും മാറ്റിവയ്ക്കാന്‍ കാരണമായിട്ടുണ്ട്. ഇതുമൂലം കേറ്ററിംഗ് സ്ഥാപനങ്ങള്‍ മുതല്‍ ജുവലറികളില്‍ വരെ തിരിച്ചടിയേറ്റു. കടകളില്‍ വില്പന വല്ലാതെ കുറഞ്ഞതായി വ്യാപാരികളും പറയുന്നു.
കച്ചവടം കുറഞ്ഞതോടെ പലരും കട തുറക്കുന്നത് തന്നെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. നാട്ടിന്‍പുറങ്ങളിലെ കവലകളില്‍ പകല്‍ സമയം പോലും പലരും എത്തുന്നില്ലെന്ന് മലപ്പുറത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫുട്ബോള്‍ ലോകകപ്പ് സമയമായതിനാല്‍ കവലകളിലും മറ്റും ആരാധകര്‍ ഒത്തുകൂടുന്നത് പതിവാണ്. പക്ഷേ പനിയുടെ വാര്‍ത്തകള്‍ വന്നതോടെ പലരും ഭീതിയിലാണ്.
അതേസമയം നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യം ലഭ്യമാക്കുമെന്ന് മന്ത്രി കെ.കെ. ഷൈലജ. മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന നിപ്പാ വൈറസിനെ കുറിച്ചുള്ള അവലോകന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനിടെ, വൈറസ് പരത്തുന്നതായി സംശയിക്കുന്ന പേരാന്പ്രയ്ക്കടുത്ത് ചങ്ങരോത്തെ ഒരു കിണര്‍ മണ്ണിട്ടു മൂടി. വവ്വാലുകളുടെ താവളമായിരുന്ന ചങ്ങരോത്തെ മൂസയുടെ കിണറാണ് മൂടിയത്.
ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്കായുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ശുപത്രികളില്‍ രോഗികളെ പരിചരിച്ച ജീവനക്കാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തും. നിപ്പാ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ആറു പേര് കുടി കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയില്‍ വൈറസ് ബാധിച്ച് ആറുപേരാണ് മരിച്ചത്. ആറുപേര്‍ കൂടി സംശയാസ്പദമായി ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു.