നിപ്പ വൈറസ് ബാധയില്‍ മരിച്ചവരുടെ വീടുകള്‍ ഒറ്റപ്പെടുന്നു! രോഗം പകരുമോ എന്ന ഭയം മൂലം ആരും അടുക്കുന്നില്ല; സുരക്ഷ മുന്‍നിര്‍ത്തി, വൈറസ് ബാധിച്ച് മരിച്ച നഴ്‌സിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല

കോഴിക്കോട് വൈറല്‍ പനിമരണം നടന്ന വീടുകള്‍ക്ക് അപ്രഖ്യാപിത ഊരുവിലക്ക്. രോഗം പടരുമെന്ന ഭീതിമൂലം മരണ വീടുകളിലേക്ക് ആളുകള്‍ എത്തുന്നില്ല. ബന്ധുക്കളും നാട്ടുകാരും എത്തായതോടെ വീടുകള്‍ ഒറ്റപ്പെട്ടു. സഹായത്തിനുപോലും ആരുമില്ലാതെ മരിച്ചവരുടെ ഉറ്റവര്‍ അതിദയനീയാവസ്ഥയിലാണ്. എന്നാല്‍ കൈയുറകളും മാസ്‌കും ധരിച്ചുപോകുന്നതിനു കുഴപ്പമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

നിപ്പ വൈറസ് ബാധയ്ക്കു മരുന്നില്ല. രോഗലക്ഷണങ്ങള്‍ക്കു മാത്രമാണു ചികിത്സ. അതിനാല്‍ പ്രതിരോധം മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

നിപ്പ വൈറസ് ബാധിച്ച് ആറുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ ഒന്‍പതായി. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതമാണ് ഇന്ന് മരിച്ചത്. തലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം.

താലൂക്ക് ആശുപത്രിയിലെ നഴ്സായ ചെമ്പനോട സ്വദേശി ലിനിയുടെ മൃതദേഹം, സുരക്ഷ മുന്‍നിര്‍ത്തി, ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയില്ല. വൈറസ് പടരാതിരിക്കാന്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു.

നേരത്തെ പനി ബാധിച്ച് ഒരു കുടുംബത്തിലെ മുന്നുപേര്‍ മരിച്ചിരുന്നു. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍നിന്നും ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതിനാല്‍ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.

ചികിത്സയില്‍ കഴിയുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്ക് പുറമെ 25 പേര്‍ രോഗലക്ഷണങ്ങളുമായി ചികില്‍സയിലുണ്ട്. പേരാമ്പ്ര ഉള്‍പ്പെടെയുളള പനിബാധിത സ്ഥലങ്ങള്‍ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും തിങ്കളാഴ്ച സന്ദര്‍ശിക്കും.

പനിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കും. പനി നേരിടാന്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.

Related posts