മലപ്പുറം: ജില്ലയിൽ നിപ്പാ വൈറസ് രോഗികളുമായി ബന്ധപ്പെട്ടവരെ മുഴുവൻ സമയവും നിരീക്ഷിക്കുന്നതിനു കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ സംസ്ഥാന നോഡൽ ഓഫീസറായി നിയോഗിച്ചു കേന്ദ്രീകൃത മേൽനോട്ട സംവിധാനം നിലവിൽ വന്നതായി ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. ആശങ്കയുള്ളവർക്കു ഭീതിയകറ്റാനും ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സ സമയത്ത് ലഭിക്കുന്നതിനുള്ള രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ രോഗബാധിതരുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ളവരെ സംബന്ധിച്ചു ആരോഗ്യ വകുപ്പ് തയാറാക്കിയ പട്ടികയുടെ നിരന്തര സൂക്ഷ്മ പരിശോധ തുടങ്ങി. പട്ടികയിൽപ്പെട്ടവരുടെ ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വകുപ്പ് വിലയിരുത്തുകയും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് കളക്ടർക്ക് നൽകുകയും ചെയ്യും. ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ഇതേക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കും.
ദിവസവും വൈകുന്നേരം നാലിനു കളക്ടറുടെ അധ്യക്ഷതയിൽ നടക്കുന്ന ടാസ്ക് ഫോഴ്സ് ഇതു സംബന്ധിച്ചുള്ള അവലോകനം നടത്തും. നിപ്പാ വൈറസ് ചികിത്സയുടെ കേന്ദ്രീക്യത സംവിധാനത്തിൽ നോഡൽ ഓഫീസറായി നിയോഗിച്ചതോടെ അശങ്കയുള്ള കേസുകൾ മലപ്പുറം ഡിഎംഒയുടെ കൂടി അഭിപ്രായം സ്വീകരിച്ച ശേഷം മാത്രമേ മെഡിക്കൽ കോളജിലേക്കു പ്രവേശിപ്പിക്കൂ. എന്തെങ്കിലും സമാനസ്വഭാവമുള്ള കേസുകൾ ഡിഎംഒയെ അറിയിച്ച ശേഷമേ ആശുപത്രി മാറ്റാവൂവെന്നു എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ നിപ്പയുമായി ബന്ധപ്പെട്ട സൂക്ഷപരിശോധനയിലുള്ളവരുടെ ചികിത്സ സംബന്ധിച്ചുള്ള കാര്യങ്ങൾ നോഡൽ ഓഫീസറുമായി ബന്ധപ്പെട്ടാണ് നടത്തുക. നിരീക്ഷണത്തിലുള്ള രോഗികൾക്കു എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടായാൽ സംസ്ഥാന നോഡൽ ഓഫിസറുമായി ബന്ധപ്പെടുന്നതിനുള്ള ടെലിഫോണ് നന്പർ ആരോഗ്യ വകുപ്പ് നൽകും.
കേന്ദ്രീക്യത സംവിധാനം പ്രയോജനപ്പെടുത്തി ജില്ലയിൽ പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ മേൽനോട്ടത്തിൽ അഞ്ചു ആംബുലൻസുകൾ തയാറാക്കുമെന്ന് കളക്ടർ അറിയിച്ചു. പൊന്നാനി, തിരൂർ, മഞ്ചേരി, തിരൂരങ്ങാടി, നിലന്പൂർ കേന്ദ്രങ്ങളായിരിക്കും. ഇവ പ്രവർത്തിക്കുക.
കോഴിക്കോട്ടുള്ള സംസ്ഥാന നോഡൽ ഓഫീസർ നിയന്ത്രിക്കുന്ന രീതിയിലായിരിക്കും ഇതിന്റെ പ്രവർത്തനം. രോഗിയാണെന്ന് സ്ഥീരീകരണ സാധ്യതയുള്ളവരെ പൊതുസമൂഹത്തിനു ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ആശുപത്രിയിലെത്തിക്കുന്ന രീതിയിലായിരിക്കും ആംബുലൻസ് സംവിധാനം പ്രവർത്തിക്കുക.
രണ്ടാം ഘട്ടത്തിൽ ആതുരരംഗത്ത് പ്രവർത്തിക്കുന്നവർക്കു രോഗം വരാനുള്ള സാധ്യത പരിഗണിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരോടു ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. വൈറസ് വ്യാപന ഭീതിയുമായി ആശുപത്രികളിൽ എത്തുന്നവരെ കൈകാര്യം ചെയ്യുന്ന നടപടി സംബന്ധിച്ച് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്കു ക്ലാസുകൾ നൽകും.
മലപ്പുറം കളക്ടറേറ്റിൽ നടന്ന ടാസ്ക് ഫോഴ്സ് യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. മുഹമ്മദ് ഇസ്മായിൽ, എൻഎച്ച്എം മാനേജർ ഡോ. എ. ഷിബുലാൽ, ഐഎംഎ ഭാരവാഹി ഡോ. കെ.എ പരീത് തുടങ്ങിയവർ പങ്കെടുത്തു.