മലപ്പുറം: നിപ്പാ വൈറസ് പടരുന്നതുമായി ബന്ധപ്പെട്ടു ജില്ലയിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്ന നിർദേശങ്ങളോടു പൊതുജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അറിയിച്ചു. നിലവിൽ നിപ്പാ വൈറസ് സംശയിച്ചു ജില്ലയിലെ ആറുപേരാണ് വിവിധ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ഇതിൽ തിരൂരങ്ങാടി തെന്നലയിലെ ഉബീഷിനു മാത്രമാണ് വൈറസ് ബാധ സ്ഥീകരിച്ചത്.
കോഴിക്കോട്് മെഡിക്കൽ കോളജിൽ മൂന്നു പേരും മഞ്ചേരി മെഡിക്കൽ കോളജിൽ രണ്ടു പേരും തൃശുർ മെഡിക്കൽ കോളജിൽ ഒരാളുമാണ് ചികിത്സയിലുള്ളത്. ഇതിനിടെ ഡെങ്കിപ്പനി പിടിപ്പെട്ടു ഒട്ടേറെ പേർ വിവിധയിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണപ്പെട്ട ആളുകളുടെ ബന്ധുക്കളെയും പരിസരവാസികളെയും നിരീക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ ആർക്കെങ്കിലും സംശയങ്ങളോ രോഗസമാന ലക്ഷണമോ കണ്ടാൽ സമീപത്തെ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ മെഡിക്കൽ ഓഫീസറെയോ വിവരം അറിയിക്കണം. ജില്ലാ കേന്ദ്രത്തിലെ കണ്ട്രോൾ റൂം നന്പർ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. 0483 2737857. പ്രദേശത്തെ ആളുകൾ രണ്ടാഴ്ച പൂർണമായി അവരവരുടെ വീടുകളിൽ വിശ്രമിക്കണം. യാത്രകൾ, ചടങ്ങുകൾ, ആഘോഷങ്ങൾ, എന്നിവ പരമാവധി ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ആശുപത്രി സന്ദർശനം നടത്താവൂ.
പെതുജനങ്ങൾ ഇത്തരം സംവിധാനത്തെ വിശ്വാസത്തിലെടുത്ത് പ്രവർത്തിച്ചാൽ മാത്രമേ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിജയിക്കുകയുള്ളുവെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതേസമയം വെള്ളിയാഴ്ചകളിൽ മസ്ജിദുകളിൽ നിപ്പാ വൈറസുമായി ബന്ധപ്പെട്ടു ബോധവത്കരണം നടത്തണമെന്ന് കളക്ടർ അമിത് മീണ അഭ്യർഥിച്ചു. മലപ്പുറത്ത് നാലു പേർക്ക് നിപ്പാ സ്ഥിരീകരിച്ചെങ്കിലും കോഴിക്കോട്ടു നിന്നാണ് രോഗം പകർന്നിട്ടുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു. സ്ഥിരീകരിച്ചവരുമായി അടുത്തു ഇടപഴകിയവരിൽ രോഗ ലക്ഷണമില്ലാത്തവരും നിലവിൽ താമസിക്കുന്നിടത്തു തന്നെ രണ്ടാഴ്ച വിശ്രമിക്കണം. പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതും പൊതുവാഹനങ്ങളിലെ യാത്രകളും ഇത്തരക്കാർ ഒഴിവാക്കണം.താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
രോഗികളെ പരിചരിക്കുന്നവരും അടുത്ത് ഇടപഴകുന്നവരും സോപ്പിട്ടു കൈ കഴുകുക, തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാലകൊണ്ടു വായ് മൂടുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക, പക്ഷികൾ, വവ്വാലുകൾ എന്നിവ കൊത്തിയതും കേടുവന്നതും നിലത്തു കിടക്കുന്നതുമായ പഴ വർഗങ്ങൾ ഒഴിവാക്കുക, വവ്വാലുകൾ തുടങ്ങിയ പക്ഷിമൃഗാദികളെ അവയുടെ ആവാസ വ്യവസ്ഥയെ ഭംഗപ്പെടുത്താതെ ശ്രദ്ധിക്കുക, വവ്വാൽ സാന്നിധ്യം ഒഴിവാക്കാൻ പറ്റാത്തതിനാൽ ജലസ്രോതസുകൾ സൂപ്പർ ക്ലോറിനേഷൻ മൂന്നു പ്രാവശ്യമെങ്കിലും നടത്തുക. കിണറിന് വലയിട്ടു മൂടുക. മലപ്പുറം നഗരസഭയും ബോധവത്കരണവുമായി രംഗത്തുണ്ട്. വിവിധ സംഘടനകളും ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നുണ്ട്.