കോഴിക്കോട്: ചങ്ങരോത്ത് സൂപ്പിക്കടയിലെ വീട്ടിലെ കിണറ്റില്‍ നിന്നു കണ്ടെടുത്ത വവ്വാലുകള്‍ വഴിയായിരിക്കില്ല നിപ്പാ വൈറസ് പടർന്നതെന്ന് കേന്ദ്ര മൃഗസംരക്ഷണ സംഘം. കിണറില്‍ ഉണ്ടായിരുന്ന വവ്വാലുകള്‍ പഴം ഭക്ഷണമാക്കുന്ന വിഭാഗത്തില്പെടുന്നവയല്ല. അവ ചെറുപ്രാണികളെ ഭക്ഷണമാക്കുന്നവയാണ്.
എന്നാല്‍ വെള്ളിയാഴ്ച പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ അന്തിമ നിഗമനത്തിലെത്താനാകൂ എന്ന് ഇന്നലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര മൃഗ സംരക്ഷണ കമ്മീഷണര്‍ ഡോ. സുരേഷ് എസ്. ഹോനപ്പഗോല്‍ പറഞ്ഞു. രോഗബാധിത പ്രദേശത്തുള്ള മൃഗങ്ങള്‍ രോഗവാഹകരല്ലെന്നാണ് പ്രാഥമിക നിഗമനം.
കിണറില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും പിടിച്ച വവ്വാൽ, പന്നി, പശു, ആട് എന്നിവയുടെ സ്രവങ്ങള്‍ ഭോപ്പാലിലെ എന്‍ഐഎസ്എച്ച്എഡി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ) അയയ്ക്കും. ഈ പരിശോധനാ ഫലം ലഭിച്ചാലേ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂ.
വൈറസ് ബാധ ഏതു രീതിയിലാണെന്നതിനെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താനായിട്ടില്ല. വവ്വാലുകളെ വ്യാപകമായി വേട്ടയാടുന്നതും വെടിവച്ചകറ്റുന്നതും സ്ഥിതി ഗുരുതരമാക്കാനെ വഴിവയ്ക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ എസ്ആര്‍ഡിഡിഎല്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. എം.ഡി. വെങ്കിടേഷ്, ഡോ. ഹെഗ്ഡെ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍. എന്‍. ശശി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.