കോഴിക്കോട്: സംസ്ഥാനത്ത് നിപ്പാ ഭീതിയകലുന്നു.കഴിഞ്ഞ മൂന്നുദിവസത്തിനിടെ 117 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ 101 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ പരിശോധിച്ച 18 സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. നിലവില്‍ ജൂണ്‍ അഞ്ചുവരെ കര്‍ശന നിരീക്ഷണം തുടരാനാണ് തീരുമാനം.
നേരത്തെ രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.ഇന്നലെ രോഗബാധയേറ്റ് മരണമുണ്ടാകാതിരുന്നതും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം പകരുന്നു.
ഏഴുപേരാണ് ഇപ്പോള്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ നിപ്പാ വൈറസിന്റെ വ്യാപനം തടയാന്‍ ഒരു പരിധിവരെ കഴിഞ്ഞെങ്കിലും മരണനിരക്ക് കുറയ്ക്കാന്‍ കഴിയാത്തതാണ് വെല്ലുവിളി.
ഇതുവരെ രോഗം സ്ഥിരീകരിച്ച 16 പേരില്‍ 13 പേരും മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു പേരുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതി ആരോഗ്യ വകുപ്പിന് പ്രതീക്ഷ പകരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്.
അതേസമയം, നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താനായി വവ്വാലുകളില്‍ നിന്നുളള സാംപിള്‍ ശേഖരണം ഇന്ന് പൂര്‍ത്തിയാകും. പഴം തിന്നുന്ന വവ്വാലുകളില്‍ നിന്നുളള സാമ്പിളുകളാണ് ശേഖരിക്കുന്നത്. ശേഖരിച്ച വിസര്‍ജ്യങ്ങളുമായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലേക്ക് വിമാനമാര്‍ഗം പോകാനാണ് നിശ്ചയിച്ചിരിക്കുന്നത്.