ജിദ്ദ: സംഗീത പരിപാടിയ്ക്കിടെ വേദിയിലേക്ക ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി യുവതിയെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ബിബിസിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തായിഫ് നഗരത്തില്‍ പ്രശസ്ത ഗായകനായ മാജിദ് അല്‍ മൊഹന്ദിസിന്റെ സംഗീത കച്ചേരിക്കിടെയാണ് സംഭവം.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.മൊഹന്ദിസ് ഗാനം ആലപിക്കുന്നതിനിടെ നിഖാബ് ധരിച്ച യുവതി വേദിയിലേക്ക് ഓടിക്കയറി ആലിംഗനം ചെയ്തു. ഉടന്‍ തന്നെ സുരക്ഷാ സംഘം യുവതിയെ പിടിച്ചുമാറ്റി തിരിച്ചയച്ചു.
അന്യപുരുഷനൊപ്പം ഇടപെടല്‍ നടത്തുന്നതിന് സൗദിയില്‍ സ്ത്രീകള്‍ക്ക് കടുത്ത നിരോധനമാണുളളത്. ‘അറബ് സംഗീതത്തിന്റെ രാജകുമാരന്’ എന്നാണ് മൊഹന്ദിസിനെ ആരാധകര്‍ വിളിക്കുന്നത്. സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
യുവതിക്കെതിരെ പൊതു ഇടത്തെ മോശം പെരുമാറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചെന്ന് സൗദി പത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ കീഴില്‍ സൗദിയില്‍ നിരവധി പരിഷ്കാരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പൊതു സ്ഥങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലോടെ ഫുട്ബോള്‍ കളി കാണാനും വാഹനം ഓടിക്കാനും സംഗീത പരിപാടികളില്‍ പങ്കെടുക്കാനും സ്ത്രീകള്‍ക്ക് അനുവാദം ലഭിച്ചിട്ടുണ്ട്.
തുടര്‍ന്ന് സൗദി ഭരണകൂടം തന്നെ സംഗീതകച്ചേരി നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിഷ്കാരങ്ങള്‍. എന്നിരുന്നാലും സ്ത്രീകള്‍ക്ക് പൂര്‍ണ സ്വതന്ത്യം ഇപ്പോഴും അപ്രാപ്യമാണെന്ന് തെളിയിക്കുന്നതാണ് യുവതിയുടെ അറസ്റ്റ്.