കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായിരുന്ന നിരാമയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അവതാളത്തിലായതോടെ ജീവിതതാളം നഷ്ടമായി ഭിന്നശേഷി വിഭാഗം. സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് നിരാമയ ആരോഗ്യ ഇന്‍ഷ്വറന്‍സ് വഴിമുട്ടിയത്.
ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന, നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സാണ് സര്‍ക്കാര്‍ പ്രീമിയം തുക അനുവദിക്കാത്തതിനാല്‍ മുടങ്ങുന്നത്. 2017 മുതല്‍ സംസ്ഥാന സര്‍ക്കാരാണ് പ്രീമിയം അടച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രീമിയം അടക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ രണ്ടും മൂന്നും ഇരട്ടിയിലേറെ ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്ത് വാങ്ങിയിട്ടുമുണ്ട്. ലോക്കല്‍ തലത്തിലെ കമ്മിറ്റികള്‍ക്കാണ് ജില്ലാ തല പദ്ധതിയുടെ നിര്‍വഹണ ചുമതല.
നിരാലംബരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏറെ സഹായകരമായിരുന്നു നിരാമയ ഇന്‍ഷ്വറന്‍സ്. ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടാന്‍ ബിപിഎല്‍ വിഭാഗത്തിന് 250 രൂപയും എ പി എല്‍ വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് പ്രീമിയമായി അടക്കേണ്ടത്. വര്‍ഷാവര്‍ഷം ഇന്‍ഷ്വറന്‍സ് പുതുക്കാന്‍ ബിപിഎല്ലുകാര്‍ക്ക് 50 രൂപയും എപിഎല്ലുകാര്‍ക്ക് 250 രൂപയും വേണം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ ഇത് പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് അനുവദിച്ചിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഫണ്ട് അനുവദിക്കാത്തതിനാല്‍ ഗുണഭോക്താക്കളുടെ പ്രീമിയം അടവും മുടങ്ങി.
നിലവില്‍ സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ മാത്രമാണ് പ്രീമിയം അടച്ച് പദ്ധതിയില്‍ അംഗങ്ങളാവുന്നതും ഇന്‍ഷ്വറന്‍സ് പുതുക്കുന്നതും. ഇതോടെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചികിത്സാ ആനുകൂല്യം മുടങ്ങിയ മട്ടാണ്.
സ്വന്തം ലേഖകന്‍