എ.ജെ. വിൻസൻ
അന്തിക്കാട് (തൃശൂർ): രണ്ടാം ക്ലാസുകാരൻ നിരഞ്ജനു വലത്തേ കൈമുട്ടിനു താഴേക്കില്ല. എന്നിട്ടും ഇടതുകൈയിൽ കോലും, വലംകൈകൊണ്ട് താളവുമായി പഞ്ചാരിമേളത്തിൽ അരങ്ങേറി നിരഞ്ജൻ വിസ്മയമായി.വലത്തേ കൈമുട്ടിനു കീഴെ ചരിഞ്ഞരീതിയിൽ നാലുവിരലുകളാണ് നിരഞ്ജനുള്ളത്. തള്ളവിരലില്ല.
ചൂണ്ടുവിരലും നടുവിരലും മടക്കാനുമാകില്ല. പടിയം ചൂരക്കോട്ട് അന്പലനടയിലായിരുന്നു അരങ്ങേറ്റം. 2016ലെ വിദ്യാരംഭ ദിനത്തിലാണ് ചെണ്ട പഠിച്ചുതുടങ്ങിയത്. ഒരുവർഷം കഴിഞ്ഞപ്പോൾ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം. ചെറുശേരി ശ്രീകുമാറാണ് ഗുരു.മുറ്റിച്ചൂർ സ്വദേശിയും തൃശൂർ പാട്ടുരായ്ക്കലിലെ ബിന്ദു ടാക്സ് കൺസൾട്ടന്റ് ഉടമയുമായ ഗിരീഷ് കുമാറിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് ബിന്ദുവിന്റെയും രണ്ടാമത്തെ മകനാണ് ഈ കൊച്ചുമിടുക്കൻ.
സഹോദരി ഇന്ദുലേഖ തൃശൂർ ദേവമാതയിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥിനി. സാധാരണ രീതിയിൽ വാദ്യക്കാർ വലതുകൈയിൽ കോലുപിടിച്ച് ഇടത്തേ കൈകൊണ്ട് ചെണ്ടയിൽ താളമിടും.
എന്നാൽ, നിരഞ്ജൻ ഇടതുകൈയിൽ കോലുപിടിച്ച് പാതി വലംകൈകൊണ്ടാണ് താളം പിടിക്കുക. അടുത്ത ശനിയാഴ്ച മുതൽ മുറ്റിച്ചൂരിലെ സരസ്വതി വിദ്യാനികേതനിൽ പാണ്ടിമേളം കൊട്ടി പരിശീലിക്കാനാണ് പരിപാടി. ഇതിനായി വലതു കൈയിലെ രണ്ടു വിരലുകളിൽ കോലുപിടിക്കാനുള്ള ശ്രമത്തിലാണ് നിരഞ്ജൻ. പാണ്ടിമേളം കൊട്ടാൻ രണ്ടുകൈകളിലും കോലുപിടിക്കണമല്ലോ.പിതാവ് ഗിരീഷ്കുമാർ നല്ലൊരു മേളക്കന്പക്കാരനാണ്. പൂരപ്പറന്പിലും മറ്റും മേളം കാണാൻ ഗിരീഷ് കുമാർ പോകുന്നതു പതിവാണ്.
മേളം കാണാൻ അച്ഛനൊപ്പം നിരഞ്ജനും പോകും. അച്ഛന്റെ തോളിൽ കയറിയിരുന്നാണ് നിരഞ്ജൻ മേളം കണ്ടാസ്വദിക്കുക. മേളം മുറുകുന്പോൾ അച്ഛന്റെ തലയിൽ നിരഞ്ജൻ ന്ധപൊരിക്കും’. നിരഞ്ജന്റെ ഈ പ്രകടനം കൊട്ടുന്നതിനിടയിൽ മേളക്കാരും പണ്ടേ ശ്രദ്ധിച്ചിരുന്നുവെന്നു ഗുരു ചെറുശേരി ശ്രീകുമാർ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നു ഗിരീഷ് കുമാർ പറഞ്ഞു.
നിരഞ്ജനു തബലയും ഹരമാണ്. കുഞ്ഞുന്നാളിൽ കളിച്ചെണ്ടകൾ കൊട്ടിനടക്കുന്നതായിരുന്നു നിരഞ്ജന്റെ ഹോബി. കാഞ്ഞാണി ഭാരതീയ വിദ്യാനികേതനിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. പഠിക്കാനും മിടുക്കൻ. കെ.ജി. സെക്ഷനിൽ കലാപ്രതിഭ. കവിതാലാപനത്തിനും പ്രസംഗത്തിനും കഥ പറച്ചിലിനുമെല്ലാം നിരവധി സമ്മാനങ്ങൾ.