ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികൾ രാജ്യത്തിന്റെ ക്ഷമപരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ. നാലു പ്രതികളുടേയും വധശിക്ഷ സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം നിലപാട് അറിയിച്ചത്.
വധശിക്ഷ വൈകുന്നത് ജുഡീഷൽ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും. അനിവാര്യമായത് നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രം.
നിയമപോംവഴിക്കു പ്രതികൾ കാലതാമസം വരുത്തുകയും രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയുമാണ്. പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടത്താന്‍ കാത്തിരിക്കേണ്ടതില്ല. ദയാഹര്‍ജി തളളപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയിൽ പറഞ്ഞു.
എന്നാൽ വധശിക്ഷ നടപ്പിലാക്കാന്‍ സുപ്രീം കോടതിയോ ഭരണഘടനയോ നിശ്ചിത സമയം അനുവദിച്ചിട്ടില്ലെന്ന് പ്രതികളായ അക്ഷയ്കുമാർ, പവൻ ഗുപ്ത, വിനയ്കുമാർ എന്നിവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു.
നീതി നടപ്പാക്കുന്നതില്‍ ധൃതി കാണിക്കുന്നത് നീതിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണ്. ജയിൽച്ചട്ടം 858 പ്രകാരം ഒരുമിച്ചേ ശിക്ഷ നടപ്പാക്കാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹർജിയിൽ വാദംകേട്ട കോടതി വിധി പറയാൻ മാറ്റിവച്ചു. എല്ലാ കക്ഷികളുടെയും വാദം പൂർത്തിയായ ശേഷം വിധി പറയാമെന്നു ജസ്റ്റീസ് സുരേഷ് കൈത്ത് അറിയിച്ചു. ഞായറാഴ്ച കോടതി അവധിയാണെങ്കിലും അടിയന്തര പ്രാധാന്യം പരിഗണിച്ചു പ്രത്യേക സിറ്റിംഗ് നടത്തി വാദം കേൾക്കാൻ ഹൈക്കോടതി തയാറാവുകയായിരുന്നു.