ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ആരാച്ചാർ യുപി സ്വദേശി പവൻ ജല്ലാഡ് ബുധനാഴ്ച രാവിലെ ഡല്‍ഹി തിഹാര്‍ ജയിലില്‍ പരീക്ഷണ തൂക്കൽ നടത്തി.
ഓരോ കുറ്റവാളിയുടെയും തൂക്കത്തിന്റെ ഇരട്ടി ഭാരം വരുന്ന മണല്‍ ചാക്കുകളാണ് തൂക്കിയത്.
ജയില്‍ ഉദ്യോഗസ്ഥരുടെയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. നാല് കുറ്റവാളികളേയും ഒരുമിച്ച് തൂക്കാൻ സാധിക്കുന്ന പുതിയ കഴുമരത്തിലാണ് ഡമ്മി പരീക്ഷണം നടന്നത്.
ഇവയുടെ ബലം കഴിഞ്ഞ ദിവസം പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കിയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 5.30ന് ആണ് നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കുന്നത്. നാലുപേരെയും ഒരുമിച്ചാവും തൂക്കിലേറ്റുക. കുടുംബാംഗങ്ങളുമായുള്ള പ്രതികളുടെ അന്തിമ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയായി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി പ്രതികള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
നിയമപരമായ എല്ലാ വഴികളും അടഞ്ഞതോടെ വധശിക്ഷ മാറ്റിവയ്പ്പിക്കാനുള്ള അവസാന മാർഗം തേടി പ്രതി അക്ഷയ് കുമാർ സിംഗിന്റെ ഭാര്യ രംഗത്തുവന്നു.
തനിക്ക് ഭർത്താവിൽനിന്നും വിവാഹമോചനം വേണമെന്നാണ് ഇവരുടെ ആവശ്യം. ഭർത്താവിനെ തൂക്കിലേറ്റും മുൻപ് വിവാഹമോചനം വേണമെന്ന് ഇവർ കുടുംബ കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.
ഭർത്താവിനെ തൂക്കിലേറ്റിയാൽ താൻ വിധവയാകുമെന്നും അതിനാൽ തൂക്കിലേറ്റും മുൻപ് വിവാഹമോചനം വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
ഈ കേസ് അനുവദിക്കപ്പെട്ടാൽ കുറച്ചുകാലം കൂടിയെങ്കിലും ഭർത്താവിന്റെ ആയുസ് നീട്ടിയെടുക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.