ന്യൂഡൽഹി: നിർഭയ പ്രതികളെ തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിക്കുമോ? മുൻ സുപ്രീം കോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റീസ് കുര്യൻ ജോസഫിന്റേതാണ് ചോദ്യം.
നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിലൂടെ ഇരയുടെ മാതാപിതാക്കൾക്ക് നീതി നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ ആളുകളെ തൂക്കിക്കൊല്ലുന്നതിലൂടെ, ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിക്കുമോ? അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ വധശിക്ഷ നൽകാമെന്ന് ബച്ചൻ സിംഗ് കേസിൽ സുപ്രീം കോടതി പറഞ്ഞിരുന്നു.
അതും മറ്റെല്ലാ സാധ്യതകളും സംശയാസ്പദമായി അടയുമ്പോൾ മാത്രമാണ്-എഎൻഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജീവപര്യന്തം ആളുകളെ ജയിലിലേക്ക് അയച്ചാൽ, ഇത്തരം കുറ്റകൃത്യങ്ങളുടെ വിധി ഇതായിരിക്കുമെന്ന് സമൂഹത്തോട് പറയാൻ കഴിയും. എന്നാൽ വധശിക്ഷ നടപ്പാക്കിയാൽ കുറ്റകൃത്യം ആളുകൾ മറക്കും.
നാല് പ്രതികളെയും തൂക്കിക്കൊല്ലുന്നതിലൂടെ നിർഭയയുടെ മാതാപിതാക്കൾക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല. കണ്ണിന് കണ്ണ് എന്ന നില ലോകത്തെ അന്ധനാക്കുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു.
അതിനാൽ ക്രിമിനൽ നീതിന്യായ നടപടികൾ പ്രതികാരമാകാൻ പാടില്ല. ഞാൻ നിങ്ങളുടെ ജീവനെടുത്താൽ അതിനർഥം നിങ്ങൾ എന്റേത് എടുക്കും എന്നാണോ? ഇത് നീതിയല്ല. പ്രതികാരവും ന്യായവിധിയും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷയുടെ ലക്ഷ്യം എന്നത് ന്യായവിധി, പശ്ചാത്താപം, നവീകരണം എന്നിവയാണ്. പ്രതികളുടെ ദയാഹർജി പരിഗണിക്കുമ്പോൾ കോടതി ഏതെങ്കിലും ഒരുകാര്യം വിട്ടുപോയെങ്കിൽ അതും കണക്കിലെടുക്കേണ്ടത് രാഷ്ട്രപതിയുടേയും സർക്കാരിന്റെയും കടമയാണെന്നും കുര്യൻ ജോസഫ് കൂട്ടിച്ചേർത്തു.