ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് പുലർച്ചെ ഏഴിന് നടപ്പാക്കാൻ കോടതി ഉത്തരവിട്ടു. കേസിലെ നാല് പ്രതികൾക്കും ഡൽഹി പട്യാല ഹൗസ് കോടതി ജഡജ് സതീഷ് കുമാർ അറോറ മരണവാറന്റ് പുറപ്പെടുവിച്ചു. പ്രതികൾക്ക് മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ മാതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
പവൻ ഗുപ്ത, അക്ഷയ് സിംഗ്, വിനയ് ശർമ, മുകേഷ് സിംഗ് എന്നിവരാണ് വധശിക്ഷ കാത്തു കഴിയുന്ന പ്രതികൾ. ഇവരിൽ മുകേഷ് ശർമയും അക്ഷയ് സിംഗും വധശിക്ഷയ്ക്കെതിരേ തിരുത്തൽ ഹർജി നൽകാൻ തയാറെടുക്കുകയാണെന്ന് അമിക്കസ്കൂറി ഇന്ന് കോടതിയെ അറിയിച്ചു. എന്നാൽ തിരുത്തൽ ഹർജി നൽകുന്നത് മരണവാറന്റ് പുറപ്പെടുവിക്കുന്നതിന് തടസമല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
നിലവിൽ രാഷ്ട്രപതിക്ക് ദയഹർജിയോ കോടതികളിൽ പ്രതികൾ സമർപ്പിച്ച ഹർജികളോ നിലനിൽക്കുന്നില്ല. വധശിക്ഷ പുനപരിശോധിക്കണമെന്ന പ്രതികളിൽ ഒരാളുടെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. അതിനാൽ മരണവാറന്റ് പുറപ്പെടുവിക്കുന്നതിന് തടസമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്.
മകൾക്ക് നീതി ലഭിച്ചു: നിര്‍ഭയയുടെ അമ്മ
ന്യൂഡൽഹി: മകൾക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. നിർഭയ കേസ് പ്രതികൾക്ക് സുപ്രീം കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവർ. നാല് പ്രതികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരണത്തിന് ഇടയാക്കുമെന്ന് അവർ പറഞ്ഞു. ജുഡീഷൽ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം ഈ തീരുമാനത്തോടെ വർധിച്ചു- ആശാ ദേവി കൂട്ടിച്ചേർത്തു.