ന്യൂഡൽഹി: ഡൽഹി പോലീസിനെയും ക്രമസമാധന ചുമതലയും രണ്ടു ദിവസം കൈയിൽതന്നാൽ നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റി കാണിച്ചു തരാമെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു ദീർഘിപ്പിക്കുന്നതിനു പിന്നിൽ എഎപി സർക്കാരാണെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു സിസോദിയ.
ഇത്തരത്തിൽ ഒരു കേന്ദ്രമന്ത്രി തന്നെ പരസ്യമായി നുണ പറയുന്നത് നിർഭാഗ്യകരമാണെന്നു ചൂണ്ടിക്കാട്ടിയ സിസോദിയ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു വിഷയങ്ങളും ഉയർത്താനില്ലാത്തതിനാലാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നു കുറ്റപ്പെടുത്തി.
പോലീസ് ബിജെപിയുടെ കീഴിലാണ്. ക്രമസമാധാന പാലം ബിജെപിയുടെ കൈയിലാണ്. ആഭ്യന്തരമന്ത്രാലയം ബിജെപിയുടെ നിയന്ത്രണത്തിലാണ്. തിഹാർ ജയിലും അവിടുത്തെ ഭരണകൂടവും ബിജെപിയുടെ കീഴിലാണ്. എന്നിട്ടും ബിജെപി എഎപിയെ കുറ്റം പറയുന്നു. ഇത്തരം വിഷയങ്ങളിൽ ഇങ്ങനെ തരംതാഴരുത്. ഇത് ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമമാണെന്നും സിസോദിയ പറഞ്ഞു.
നിർഭയ കേസിൽ നാലു പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ തീയതി അടക്കം വിശദമായ റിപ്പോർട്ട് നൽകാൻ തിഹാർ ജയിൽ അധികൃതർക്ക് ഡൽഹി കോടതി നിർദേശം നൽകിയിരുന്നു. ദയാഹർജി നൽകിയത് ചൂണ്ടിക്കാട്ടി വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ മുകേഷ് സിംഗ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. നേരത്തെ ജനുവരി 22ന് രാവിലെ ഏഴിന് ശിക്ഷ നടപ്പിലാക്കുന്നതിനായാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
ഇതിനു പിന്നാലെയാണ് ആം ആദ്മി സർക്കാരിന്റെ അനാസ്ഥയാണ് വധശിക്ഷ വൈകിക്കുന്നതെന്ന ആരോപണവുമായി ജാവദേക്കർ രംഗത്തെത്തിയത്. വധശിക്ഷയ്ക്കെതിരേ പ്രതികൾ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി രണ്ടര വർഷത്തോളം കഴിഞ്ഞാണ് ഡൽഹി സർക്കാർ ദയാഹർജി നൽകാനുള്ള നോട്ടീസ് നൽകിയത്. ഇപ്പോൾ പ്രതികൾ ഒരോരുത്തരായി ദയാഹർജി നൽകുകയാണ്. കോടതിവിധി വന്ന് ഒരാഴ്ചയ്ക്കകം പ്രതികൾക്ക് സർക്കാർ ഈ നോട്ടീസ് നൽകിയിരുന്നെങ്കിൽ ശിക്ഷ ഇതിനകം നടപ്പാകുമായിരുന്നുവെന്നും ജാവദേക്കർ പറഞ്ഞു.
അതേസമയം, മുകേഷ് സിംഗ് നൽകിയ ദയാഹർജി ലഫ്. ഗവർണർ തിരിച്ചയച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇനിയും ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രാഷ്ട്രപതിയുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.