ന്യൂഡൽഹി:നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ മുകേഷ് കുമാർ സിംഗ് (32) നൽകിയ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് നടപ്പാക്കാൻ ഡൽഹി കോടതി പുതിയ മരണവാറന്റയച്ചു.
ഒരു കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് വേണമെന്നാണ് ജയിൽച്ചട്ടം. അതിനാൽ നിർഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ചാണ് തൂക്കിലേറ്റുക.മുകേഷിനു പിന്നാലെ മറ്റു പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരും ദയാഹർജിയോ മറ്റ് അപേക്ഷകളോ നൽകിയേക്കാം. അങ്ങനെവന്നാൽ അതിലെല്ലാം തീർപ്പാവുന്നതുവരെ ശിക്ഷ നീട്ടിവയ്ക്കണമെന്നാണ് ചട്ടം.
പ്രതികളിൽ ഒരാളുടെയെങ്കിലും ഏതെങ്കിലുമൊരു അപേക്ഷ തീർപ്പാവാതെ നിൽക്കുന്നുണ്ടെങ്കിൽ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കേണ്ടിവരും. മുകേഷിന്റെ ദയാഹർജി വെള്ളിയാഴ്ച തള്ളിയതിനാലാണ് ജയിൽ ചട്ടപ്രകാരം 14 ദിവസത്തെ സമയം അനുവദിച്ചുകൊണ്ട് ഫെബ്രുവരി ഒന്നിന് വധശിക്ഷാ തീയതി നിശ്ചയിച്ചത്.
അതിനിടെ മറ്റേതെങ്കിലും പ്രതികൾ ദയാഹർജി നൽകിയാൽ, അവയോരോന്നും തള്ളി 14 ദിവസം കഴിയുംവരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കേണ്ടിവരും. അതിനാൽ, ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനാകുമെന്ന് ഉറപ്പില്ല. ശിക്ഷ ഒരുമിച്ച് നടപ്പാക്കാനായി തിഹാർ ജയിലിൽ നാല് തൂക്കുമരങ്ങളും ഒരുങ്ങിയിട്ടുണ്ട്. ഇവിടെ ഡമ്മി പരീക്ഷണവും നടത്തിക്കഴിഞ്ഞു.