രാജ്യത്തെ നടുക്കി ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലുപേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ആശ്രമം റോഡിലാണ് സംഭവം. അവശനിലയില്‍ കണ്ടെത്തിയ 40കാരിയായ ഡല്‍ഹി സ്വദേശിനിയെ ഉടന്‍ തന്നെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രതികളില്‍ ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തില് പങ്കെടുത്ത ശേഷം ഞായറാഴ്ച രാത്രി ഡല്‍ഹിയിലേയ്ക്ക് മടങ്ങാനായി ബസ് കാത്ത് നില്‍ക്കുമ്പോഴാണ് അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് ഇവരെ രണ്ടു ദിവസത്തോളം കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും സ്വകാര്യഭാഗത്ത് ഇരുമ്പു വടി കയറ്റുകയുമായിരുന്നു. ചൊവ്വാഴ്ച, വഴിയരികില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബലാത്സംഗത്തിനിടെ പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് കയറ്റിയ ഇരുമ്പ് വടി ഇതുവരെ നീക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഡല്‍ഹി വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്വാധി മലിവാല്‍ ട്വീറ്റ് ചെയ്തു.
യുവതിയുമായി മുന്‍വൈരാഗ്യമുള്ളവരാണ് പ്രതികളെന്നും ഇവര്‍ തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.