സ്ത്രീകള്‍ക്കെതിരെ തെറ്റായ ഒരു നോട്ടം പോലും ഉണ്ടായാല്‍ കേസെടുക്കാം എന്നാണ് ഋഷിരാജ്‌സിഗ് ഐപിഎസ് ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ സ്ത്രീകളെക്കുറിച്ച്, പ്രത്യേകിച്ച് ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും കുറിച്ച് കര്‍ണാടകയിലെ മുന്‍ ഡിജിപി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മയ്ക്ക് നല്ല ആകാരവടിവാണ്, അപ്പോള്‍ മകള്‍ എത്ര സുന്ദരിയായിരുന്നിരിക്കും എന്ന് ഊഹിക്കാമല്ലോ’ എന്നായിരുന്നു ഡിജിപി പറഞ്ഞത്. ആശാദേവി ഉള്‍പ്പെടെയുള്ള സ്ത്രീകളെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഡിജിപി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ബലാത്സംഗത്തെ എതിര്‍ക്കാതിരുന്നാല്‍ ജീവന്‍ രക്ഷിക്കാം എന്ന പ്രസ്താവനയും കത്തുകയാണ്.
‘നിങ്ങള്‍ കീഴടക്കപ്പെട്ടാല്‍ കീഴടങ്ങിക്കൊടുക്കണം. കേസൊക്കെ പിന്നീട് നോക്കാം. കീഴടങ്ങിക്കൊടുത്താല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയും കൊല്ലപ്പെടുന്നത് തടയുകയും ചെയ്യും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഈ പ്രസ്താവന തങ്ങളെ ഞെട്ടിച്ചുവെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു. ഡല്‍ഹിയില്‍ ഓരോ നിമിഷവും പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അത് തന്റെ മകളാണെന്ന് തോന്നുന്നുവെന്നാണ് നിര്‍ഭയയുടെ അമ്മ ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞത്.