എന്റെ മകളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയവരും നിങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്! ആകാരഭംഗിയെക്കുറിച്ച് പറഞ്ഞ് തന്നെ അപമാനിച്ച ഐപിഎസ് ഓഫീസര്‍ക്ക് തക്ക മറുപടി കൊടുത്ത് നിര്‍ഭയയുടെ അമ്മ

എന്റെ മകളെ കൊല ചെയ്തവരും നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് കര്‍ണാടക മുന്‍ ഡിജിപിയോട് ഡല്‍ഹിയില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി നിര്‍ഭയയുടെ അമ്മ. വനിതാ ദിനത്തില്‍ നടത്തിയ പ്രസംഗത്തിനിടെ നിര്‍ഭയയുടെ അമ്മയുടേത് മികച്ച ശരീരപ്രകൃതിയാണെന്നും അപ്പോള്‍ നിര്‍ഭയുടെ സൗന്ദര്യത്തെക്കുറിച്ച് ഊഹിക്കാവുന്നതേ ഉളളൂവെന്നുമുള്ള കര്‍ണാടക മുന്‍ ഡിജിപി എച്ച് ടി സങ്ക്‌ലിയാനയുടെ പരാമര്‍ശം വന്‍ വിവാദം ആയിരുന്നു.

ഒരു ഹിന്ദി പത്രത്തിലൂടെയായിരുന്നു നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം. പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിക്കാന്‍ ശ്രമിക്കുന്നത് അക്രമികളെ പ്രകോപിപ്പിക്കുമെന്നും പകരം കീഴടങ്ങുന്നതാണ് നല്ലതെന്നും എച്ച് ടി സങ്ക്‌ലിയാന തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് തന്റെ മകളെ ആക്രമിച്ചവരും ഇയാളും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും പ്രതികരിച്ചത്.

സമൂഹത്തിന്റെ രക്ഷകരെന്നു പറയപ്പെടുന്ന നിങ്ങളെപ്പോലുള്ളവരും കുറ്റവാളികളും ഒരേ ചിന്താഗതി പുലര്‍ത്തുന്നുവെന്നതു തികഞ്ഞ നാണക്കേടാണ്. ഇതേ ഉപദേശം നിങ്ങള്‍ നമ്മുടെ പട്ടാളക്കാരോടും പറയുമോ? അതിര്‍ത്തിയില്‍ രാവും പകലും കാവല്‍ നില്‍ക്കുന്ന അവരോട് ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ആയുധങ്ങള്‍ കളഞ്ഞു കീഴടങ്ങാനും ജീവന്‍ രക്ഷിക്കാനുമാണോ പറയേണ്ടതെന്നും നിര്‍ഭയയുടെ അമ്മ ആശാദേവി കത്തില്‍ ചോദിക്കുന്നു.

മകള്‍ ചെറുത്തു നില്‍ക്കാന്‍ നടത്തിയ ധീരമായ ശ്രമങ്ങളെ അപമാനിക്കുക മാത്രമല്ല രോഗാതുരമായ പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയെ വെളിവാക്കുക കൂടിയാണ് ചെയ്തത്. എന്റെ മകളെ ആക്രമിച്ചവരും ഇതേ മാനസികാവസ്ഥയാണ് കാണിച്ചത്. അവള്‍ തിരിച്ചടിക്കുന്നു എന്നത് അവര്‍ക്ക് സഹിക്കാനായില്ല. സമൂഹത്തിന്റെ രക്ഷകരെന്നു പറയപ്പെടുന്ന നിങ്ങളെപ്പോലുള്ളവരും കുറ്റവാളികളും ഒരേ ചിന്താഗതി പുലര്‍ത്തുന്നുവെന്നതു തികഞ്ഞ നാണക്കേടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Related posts