നിര്‍ഭയ സംഭവം പോലെ രാജ്യത്തെ ഒന്നാകെ ഇത്രമേല്‍ വേദനിപ്പിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. എന്നാല്‍ അവളെ സംരക്ഷിക്കുക എന്ന കടമ നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പലരും അവളുടെ കുടുംബത്തിന് പിന്നീട് താങ്ങും തണലുമായി നിന്നു, ഒരു പ്രായശ്ചിത്തം എന്നതുപോലെ.
അത്തരത്തില്‍ ഒരു താങ്ങാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ഭയയുടെ കുടുംബത്തിന്, അവളുടെ സഹോദരന് നല്‍കിയത്. അതിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ ഇപ്പോള്‍.
മകന്‍ പൈലറ്റായതില്‍ തങ്ങള്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോടാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. മകളുടെ മരണത്തോടെ തകര്‍ന്നുപോയ ഒരു കുടുംബത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റിയത് രാഹുല്‍ഗാന്ധിയാണെന്നും താന്‍ ചെയ്തിരുന്ന മഹത്തരമായ പ്രവര്‍ത്തി മറച്ചു വെയ്ക്കാനാണ് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് ബദ്രിനാഥ് പറഞ്ഞു.
റായ് ബറേലിയിലെ സര്‍ക്കാര്‍ സ്ഥാപനമായ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉംറാന്‍ അക്കാദമിയിലാണ് നിര്‍ഭയയുടെ സഹോദരന്‍ പഠിച്ചത്. മകന് പൈലറ്റാകുവാനുള്ള പ്രചോദനം നല്‍കിയതും അവന്റെ കൂടെ നിന്നതും രാഹുലായിരുന്നു. അക്കാദമിയില്‍ അഡ്മിഷന്‍ നേടിക്കൊടുത്തതും രാഹുലാണ്.
നേരിട്ട ഓരോ പ്രതിസന്ധിയിലും രാഹുല്‍ ഒപ്പമുണ്ടായിരുന്നു. വൈകാരികമായും സാമ്പത്തികമായും രാഹുല്‍ സഹായിച്ചിരുന്നു. താന്‍ നല്‍കുന്ന സഹായങ്ങള്‍ രഹസ്യമാക്കി വെക്കണമെന്ന് അദ്ദേഹം കര്‍ശനമായി പറയുമായിരുന്നു. മാധ്യമങ്ങളോട് ഒരിക്കലും സംസാരിക്കരുതെന്നും പറയാറുണ്ടായിരുന്നു. അദ്ദേഹത്തോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഭദ്രിനാഥ് പറഞ്ഞു.
ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് നിര്‍ഭയയുടെ സഹോദരന്‍ ജോലി ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ നിര്‍ഭയയുടെ സഹോദരന്‍ ഇപ്പോള്‍ പൈലറ്റാണ്. വിമാനങ്ങള്‍ പറത്തുന്നുണ്ട്.