ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഭയാനകമായ നിർഭയ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷവും രാജ്യത്തു പെൺമക്കൾ സുരക്ഷിതരല്ലെന്ന് ഇരയുടെ അമ്മ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ദേശീയ കൺവെൻഷനിലാണ് ആശാദേവി വികാരനിർഭരമായി സംസാരിച്ചത്.
“നിർഭയ കേസിനുശേഷം പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും രാജ്യത്തെ സാഹചര്യങ്ങൾ മാറിയിട്ടില്ല. എന്റെ മകൾക്കു നീതി ലഭിക്കാൻ പാടുപെട്ടു. മാതാപിതാക്കൾക്ക് മകളെ നഷ്ടപ്പെട്ടിട്ടും കേസ് കോടതിയിൽ എത്താത്ത സംഭവങ്ങൾ എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല.
കുറ്റവാളിയെ തിരിച്ചറിയാൻ ആറു മാസം മുതൽ ഒരു വർഷം വരെ എടുക്കും. പിന്നെ എങ്ങനെയാണ് നമ്മുടെ പെൺമക്കൾ സുരക്ഷിതരായിരിക്കുക. പെൺമക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് നീതി ലഭിക്കുമോ? – ആശാദേവി ചോദിച്ചു.
2012 ഡിസംബർ 16ന് രാത്രി, ദക്ഷിണ ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ 23കാരിയായ നിർഭയയെ ക്രൂരമായി ബലാത്സംഗം ചെയ്തു ബസിനുള്ളിൽനിന്നു പുറത്തേക്കു തള്ളിയിടുകയുമായിരുന്നു. ഡിസംബർ 29ന് സിംഗപുരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ചായിരുന്നു ഇരയുടെ അന്ത്യം. നിർഭയയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെ ഡൽഹി തിഹാർ ജയിലിൽ തൂക്കിലേറ്റിയിരുന്നു.