ന്യൂഡൽഹി: നിർഭയ കൂട്ടബലാൽസംഗക്കേസിലെ വധശിക്ഷ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളിൽ ഒരാളായ അക്ഷയ് സിംഗ് ഠാക്കൂറാണു പുന:പരിശോധന ഹർജി സമർപ്പിച്ചത്. ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.
വായു മലിനീകരണത്തെ തുടർന്ന് ഡൽഹി ഗ്യാസ് ചേംബറായി മാറിയിരിക്കുകയാണെന്നും ഇതുകാരണം ആയുസ് കുറഞ്ഞുവരികയാണെന്നും പിന്നെ എന്തിനാണ് വധശിക്ഷയെന്നുമാണു പ്രതി ഹർജിയിൽ ചോദിക്കുന്നത്. കേസിൽ വധശിക്ഷ ഉടൻ തന്നെ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണു പ്രതിയുടെ പുന:പരിശോധന ഹർജി.
രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ചതന്നെ നടപ്പാക്കുമെന്ന സൂചകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനായി ബിഹാറിലെ ബക്സർ ജയിൽ അധികൃതരോട് ഡിസംബർ 14-ന് മുൻപായി 10 തൂക്കുകയറുകൾ നിർമിച്ചു നൽകണമെന്നു ജയിൽ ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ വിവിധ ജയിലുകളിലേക്കു തൂക്കുകയർ തയാറാക്കി നൽകുന്നതു ബക്സറിൽനിന്നാണ്. വിവിധ ജയിലുകളിലായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നവർ നിരവധിയാണ്. നിയമ നടപടികൾ പൂർത്തിയായവർപോലും ശിക്ഷ കാത്ത് ജയിലുകളിൽ കഴിയുന്നുണ്ട്. മാനഭംഗ കേസുകളിലെ ഉൾപ്പെടെ കുറ്റവാളികളുടെ വിധി നടപ്പാക്കൽ നീണ്ടുപോവുന്നത് അടുത്തിടെ വലിയ വിമർശനത്തിനു വഴിവച്ചിരുന്നു.
ഇരുപത്തിയഞ്ചു ദിവസത്തിനകം പത്തു തൂക്കുകയറുകൾ തയാറാക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഇതിനു തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. മൂന്നു ദിവസമാണ് ഒരു തൂക്കുകയർ സജ്ജമാക്കാനായി വേണ്ടിവരിക. പരുത്തിനൂൽ കൊണ്ടാണു തൂക്കുകയറുകൾ ഒരുക്കുന്നത്. 7,200 നൂലുകളാണ് ഒരു കയറിൽ ഉണ്ടാവുക. 150 കിലോഗ്രാം വരെ ഭാരം ഇതിനു വഹിക്കാനാവും.
മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ അജ്മൽ കസബിന്റെ വധശിക്ഷ നടപ്പാക്കിയത് 2012ലാണ്. ഇതിനു വേണ്ടിയാണ് ബക്സർ ജയിലിൽനിന്ന് അവസാനമായി തൂക്കുകയർ നൽകിയത്.
ഡിസംബർ 16നാണ് നിർഭയ (യഥാർഥ പേരല്ല) എന്ന പാരാമെഡിക്കൽ വിദ്യാർഥിനി അതിക്രൂരമായ കൂട്ടമാനഭംഗത്തിന് ഇരയായത്. പ്രതികളിൽ ഒരാളായ വിനയ് ശർമ തന്റെ ദയാഹർജി അപേക്ഷ പിൻവലിക്കുകയാണെന്നു കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു.